ഉമ്മൻചാണ്ടിയുടെ മകനെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ ഒരു സംഘം പ്രവർത്തിക്കുന്നതായി ആക്ഷേപം. ചാണ്ടി ഉമ്മൻ പാർട്ടി നിലപാടുകളിൽ നിന്നും നിരന്തരം വ്യതിചലിക്കുന്നു വെന്ന് ആരോപിച്ചു ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ ആക്ഷേപവും പരിഹാസവുമായി രംഗത്ത് വന്നത്. മഹാരാഷ്ട്ര ഗവർണർ സി രാധാകൃഷ്ണനെ പുതുപ്പള്ളിയിലേക്ക് ക്ഷണിച്ച് പരിപാടിയിൽ പങ്കെടുപ്പിച്ചതിനെതിരെയാണ് ചാണ്ടി ഉമ്മനെതിരെ പട ഒരുക്കം ആരംഭിച്ചത്. മുമ്പ് മുഖ്യമന്ത്രി പിണറായി പിണറായി വിജയനെയും അഭിനന്ദിച്ചു ചാണ്ടി ഉമ്മൻ രംഗത്ത് വന്നിരുന്നു.
കോൺഗ്രസ് നേതാക്കളിൽ ഇത് അതൃപ്തിക്ക് കാരണമായിരുന്നു. ചാണ്ടിക്ക് ചാണ്ടിയുടെ ലൈൻ എന്നത് ശരിയല്ലെന്ന് ആയിരുന്നു കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. കോൺഗ്രസ് പാർട്ടിക്ക് അതിന്റേതായ ഒരു കീഴ് വഴക്കം ഉണ്ടെന്നും അത് എല്ലാ പ്രവർത്തകരും പാലിച്ചു പോണമെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നും ചാണ്ടി ഉമ്മൻ ഇക്കാര്യത്തിൽ അത് പ്രാവർത്തികമാക്കും എന്നാണ് തോന്നുന്നത് എന്നും ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചു.
ഇവിടെ വിവാദത്തിന് മറുപടിയുമായി ചാണ്ടി ഉമ്മൻ രംഗത്തെത്തി. ഉമ്മൻചാണ്ടിയുടെ പേരിലുള്ള കായിക പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്യാൻ മഹാരാഷ്ട്ര ഗവർണറായ സിപി രാധാകൃഷ്ണനെ ക്ഷണിച്ചത് വിവാദമാക്കേണ്ടതില്ലെന്നാണ് ചാണ്ടിയുടെ പ്രതികരണം. ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കണമെന്ന് ആഗ്രഹം ഗവർണർ ഇങ്ങോട്ട് അറിയിക്കുകയായിരുന്നു. അദ്ദേഹം പുതുപ്പള്ളിയിൽ വരുമ്പോൾ പരിപാടിക്ക് വിളിച്ചതിൽ എന്താണ് തെറ്റ്? അതിനപ്പുറം അദ്ദേഹം ഗവർണർ ആണ്.
പിതാവിന്റെ ഓർമ്മദിനം ഉദ്ഘാടനം ചെയ്തത് കേരള ഗവർണർ ആണ്. തിരുവനന്തപുരത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്തത് ഗോവ ഗവർണറും. അന്ന് ഇല്ലാത്ത വിവാദം ഇന്ന് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഗവർണറെ തനിക്ക് പരിചയമില്ല. അദ്ദേഹം മലയാളിയാണെന്നാണ് ആദ്യം കരുതിയത്. പുതുപ്പള്ളിയിൽ വരണമെന്ന് ആഗ്രഹം കേട്ടപ്പോൾ അത്ഭുതം തോന്നി. പിതാവുമായി അടുപ്പം ഉണ്ടായിരുന്നോ എന്നറിയില്ല. വിഎസ് അച്യുതാനന്ദനെ കാണാനും ഗവർണർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് തന്റെ അറിവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ആർഎസ്എസ് പ്രവർത്തകനായിരുന്ന ഗവർണറെ ഉമ്മൻചാണ്ടിയുടെ പേരിലുള്ള പരിപാടിക്ക് വിളിച്ചതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് അനിഷ്ടം ഉണ്ട്. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല ഗവർണർ ക്ഷണിച്ചതെന്നാണ് വിവരം.