KeralaNews

ആന്റോ അഗസ്റ്റിൻ റിമാൻഡിൽ; ജാമ്യാപേക്ഷയിൽ വിധി നാളെ

വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ കേസിൽ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആന്റോ അഗസ്റ്റിനെ മാനന്തവാടിയിലെ ജില്ലാ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ ആന്റോ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. നാളെ വിധി പ്രഖ്യാപിക്കും.

കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെത്തി വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആന്റോയുടെ വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ നിന്ന് 138 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. വൻതോതിൽ ശേഖരിച്ച് വെച്ച മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്ഐആറിലെ പ്രാഥമിക നിഗമനം. അറസ്റ്റിന് മുന്നോടിയായി എക്‌സൈസ് ഉദ്യോഗസ്ഥർ ആന്റോയെ അഞ്ചു മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു.

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് മർദ്ദനമേറ്റിട്ടുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ആന്റോയുടെ മറുപടി. വലിയ തോതിൽ മദ്യം കണ്ടെടുത്തതിനാൽ കേസിൽ തുടരന്വേഷണം അത്യാവശ്യമാണെന്നും അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button