KeralaNews

‘അമ്മ’യിലെ തർക്കം; രാജി സന്നദ്ധത അറിയിച്ച് ശ്വേത മേനോന്‍

‘അമ്മ’ സംഘടനയിലെ തര്‍ക്കങ്ങള്‍ക്കിടെ രാജി സന്നദ്ധത അറിയിച്ച് സംഘടനാ പ്രസിഡന്റ് ശ്വേത മേനോന്‍. ജനറല്‍ ബോഡി യോഗത്തിനിടെ വേദിയില്‍ കയറി രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. താന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വേദിയില്‍ ശ്വേത പറഞ്ഞു. താരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ആയതില്‍ തനിക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

രാജി സന്നദ്ധത അറിയിച്ച ശേഷം ശ്വേത വേദിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീണ്ടും വിശദീകരിക്കാനുള്ള അവസരം സംഘടന അംഗങ്ങള്‍ നല്‍കിയിരിക്കുകയാണ്.

ഇന്നത്തെ വിയോജിപ്പിലും തര്‍ക്കത്തിലും മുങ്ങി വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാന്‍ ആയില്ല. വ്യക്തതയില്ലാത്ത കണക്ക് ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് പാസാക്കാന്‍ അനുവദിക്കില്ലെന്ന് നടന്‍ സിദ്ദിഖ്, ഇടവേള ബാബു എന്നിവര്‍ നിലപാട് വ്യക്തമാക്കി. കണക്കുകള്‍ തെറ്റിയ റിപ്പോര്‍ട്ട് പാസാക്കാന്‍ സാധിക്കില്ലെന്ന് രഞ്ജി പണിക്കരും പറഞ്ഞു. ഒടുവില്‍ വിഷയത്തില്‍ മോഹന്‍ലാല്‍ നിലപാട് എടുക്കണം എന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യോഗത്തില്‍ വൈകാരികമായി മോഹന്‍ലാല്‍ സംസാരിച്ചു. സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം വലിയ യുവതാരനിര തന്നെ യോഗത്തില്‍ നിന്നും വിട്ടുനിന്നു. ആസിഫ് അലി, പൃഥ്വിരാജ്, ടോവിനോ, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബേസില്‍ ജോസഫ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ യോഗത്തിനെത്തിയില്ല. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകള്‍ എത്തിയശേഷമുള്ള ആദ്യ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇന്ന് നടക്കുന്നത്.

കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് ജനറല്‍ ബോഡി യോഗം. അമ്മയിലെ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അന്‍സിബയ്ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല. അന്‍സിബ ഇന്ന് യോഗത്തിനെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button