ആരോപണം തെളിയിക്കാനായില്ല..!പോക്സോ കേസ് പ്രതിയെ വെറുതെവിട്ട് കോടതി

കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ പിന്തുടർന്ന് ശല്യം ചെയ്തെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിക്ക് ആശ്വാസം. ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്ന് ചാത്തമംഗലം പുള്ളാവൂർ സ്വദേശി ഹരിഷിനെ കോഴിക്കോട് സ്പെഷൽ അതിവേഗ പോക്സോ കോടതി വെറുതെ വിട്ടു. സ്പെഷൽ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളിയാണ് കേസ് പരിഗണിച്ചത്.
2024ൽ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ പ്രതി സ്കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയിലാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ആരോപണങ്ങളാണ് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ഉന്നയിച്ചത്.
എന്നാൽ വിചാരണയ്ക്കിടെ പ്രതിയുടെ തിരിച്ചറിയലും ആരോപിക്കപ്പെട്ട സംഭവങ്ങളും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. ക്രിമിനൽ കേസുകളിൽ കുറ്റം സംശയാതീതമായി തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനുള്ള സാഹചര്യത്തിൽ, ആവശ്യമായ തെളിവുകളുടെ അഭാവമാണ് പ്രതിയെ വെറുതെ വിടാൻ കാരണമായത്.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. കെ.പി. മുഹമ്മദ് ആരിഫ് ഹാജരായി.




