അക്ഷരയുടെ മരണം: ഡ്രൈവർക്കെതിരെ കടുത്ത നടപടിക്ക് ശുപാർശ; ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്

കൊച്ചി: കാക്കനാട് സ്വകാര്യ ബസിടിച്ച് ഐടി ജീവനക്കാരിയായ അക്ഷര മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കടുത്ത നടപടികൾ ആവശ്യപ്പെട്ട് പൊലീസ്. അപകടത്തിന് കാരണം ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ ഡ്രൈവിങ് ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ് മോട്ടോർ വാഹന വകുപ്പിനോട് ശുപാർശ ചെയ്തു.
അപകടത്തിൽപ്പെട്ട സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇക്കാര്യം ആവശ്യപ്പെട്ട് ഇൻഫോപാർക്ക് പൊലീസ് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി.നവംബർ അഞ്ചിനാണ് തൃശൂർ സ്വദേശിനിയും 29 വയസ്സുകാരിയുമായ അക്ഷര സ്വകാര്യ ബസിടിച്ച് മരിച്ചത്.
ജിമ്മിൽ പോയി മടങ്ങുന്നതിനിടെ വീതികുറഞ്ഞ റോഡിന്റെ അരികിലൂടെ നടന്നുപോവുകയായിരുന്ന അക്ഷരയെ ‘മലയിൽ’ എന്ന സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിൽ അക്ഷര സംഭവസ്ഥലത്തുതന്നെ മരിച്ചു.സംഭവത്തിന് പിന്നാലെ ബസ് ഡ്രൈവറായ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കെതിരെ ഏഴോളം ക്രിമിനൽ കേസുകളുണ്ടെന്ന് കണ്ടെത്തിയത്. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ രണ്ട് ലഹരിമരുന്ന് കേസുകളും രണ്ട് അടിപിടി കേസുകളുമുണ്ട്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും ലഹരിക്കേസ് നിലവിലുണ്ട്. ഇതിന് പുറമെ വാഹനാപകടക്കേസിലും ഇയാൾ പ്രതിയാണ്.
പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നത് നേരത്തെ ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനും കാരണമായിരുന്നു. സ്വകാര്യ ബസ് ഡ്രൈവർമാരുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും കോടതി വിമർശിച്ചിരുന്നു.
അക്ഷരയുടെ മരണത്തിൽ കുടുംബവും കടുത്ത ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും മറ്റാർക്കും ഇത്തരമൊരു ദുരന്തം ഉണ്ടാകരുതെന്നും കുടുംബം ആവശ്യപ്പെട്ടു.




