
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി തൃപ്തികരമല്ലെന്ന് നിയമമന്ത്രി പി രാജിവ്. വിധിക്കെതിരെ ശക്തമായ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രോസിക്യൂഷനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായും (ഡിജിപി) കൂടിയാലോചിച്ച് ശക്തമായ നിലയില്‍ അപ്പീലുമായി മുന്നോട്ടു പോകും. ഇതിനുള്ള തീരുമാനം എടുക്കുമെന്നും മന്ത്രി പി രാജീവ് കൊച്ചിയില്‍ പറഞ്ഞു.
കേസിലെ മുഴുവന്‍ വിധിയും വായിച്ചിട്ടില്ല. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ചാനലില്‍ എഴുതിക്കാണിക്കുന്നതു കണ്ടാണ്, കേസില്‍ വിധി വന്നപ്പോള്‍ ഇന്ന് പ്രതികരണം നടത്തിയത്. എന്നാല്‍ ആദ്യ ഭാഗത്തു നിന്നും ഇപ്പോള്‍ ഗൗരവകരമായ അപ്പീല്‍ വേണമെന്നു തന്നെയാണ് കാണുന്നത്. ഇതു സംബന്ധിച്ച് രണ്ടു ഭാഗത്തും തൃപ്തികരമല്ലെന്നും മന്ത്രി രാജീവ് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്നാണ് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. ആ നിലപാടില്‍ നിന്നും ഇപ്പോള്‍ പ്രതിപക്ഷം മാറി. എസ്ഐടിയില്‍ അവര്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. ഒരു പ്രതിയെയും സംരക്ഷിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
കേസില്‍ സര്‍ക്കാര്‍ ശക്തമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വി സൂക്ഷ്മമായി പരിശോധിക്കും. ഓരോ പ്രശ്നവും എങ്ങനെയാണ് ജനങ്ങളെ ഈ ജനവിധിയിലേക്ക് എത്തിക്കുന്നതില്‍ സ്വാധീനം ചെലുത്തിയത്. ഞങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലും തിരുത്തല്‍ വരുത്തേണ്ടതുണ്ടോ എന്നെല്ലാം പരിശോധിക്കുമെന്നും പി രാജീവ് പറഞ്ഞു.




