
കേരളത്തിൻ്റെ ശാന്തമായ അന്തരീക്ഷം കലുഷിതമാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നിതാന്ത ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് വകുപ്പിലെ വിവിധ നിർമ്മാണ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ പൊതുവായ സ്ഥിതി നോക്കുമ്പോൾ സമാധാനം അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ അന്തരീക്ഷം കലുഷിതമാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇരുട്ടിൻ്റെ ശക്തികൾക്കെതിരെ പൊലീസ് നിതാന്ത ജാഗ്രത പുലർത്തണം. നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ നടപടികളെടുക്കാൻ പൊലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 9 വർഷത്തിനിടെ പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടായി. സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പൊലീസ് സ്റ്റേഷനുകൾ കേരളത്തിന്റ മാത്രം പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂർത്തിയായ 13 നിർമ്മാണ പദ്ധതികളുടെ ഉദ്ഘാടനവും ഏഴ് പദ്ധതികളുടെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് കം ഫുട്‌ബോൾ കോർട്ട്, ഇൻഡോർ കോർട്ട് എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,എം എൽ എമാരായ എം വി ഗോവിന്ദൻ മാസ്റ്റർ, കെ വി സുമേഷ്, മേയർ മുസ്ലീഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു