22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു; 2 പേർക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്.
ഗണേശോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായി മുംബൈ ഭുലേശ്വറിൽ നടന്ന ഗണപതി വിഗ്രഹത്തിന്റെ ആഗമന ഘോഷയാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത് ഇന്നലെ രാത്രി 10 മണിയോടെ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്റ് റോഡ് കബൂതർഖാന ജയ് അംബെ ചൗക്കിലാണ് അപകടം നടന്നത്. ഭുലേശ്വർ ചാ രാജ എന്ന ജനപ്രിയ ഉത്സവ സമിതിയുടെ 22 അടിയിലധികം ഉയരമുള്ള ഭീമാകാരമായ ഗണപതി വിഗ്രഹം ഘോഷയാത്രയ്ക്കിടെ ജനക്കൂട്ടത്തിനു മേലേക്ക് മറിയുകയായിരുന്നു,
സങ്കേത് നെവ്ഷെ, ബ്രിജേഷ് ഹേമന്ത് ജോഷി (38) എന്നവരാണ് അപകടത്തിൽ മരിച്ചത്. സങ്കേത് നെവ്ഷെ ഉത്സവ സംഘാടക സമിതിയായ ഗണപതി മണ്ഡലിന്റെ പ്രസിഡന്റാണെന്ന് പൊലീസ് പറഞ്ഞു. ഘോഷയാത്ര കടന്നുപോകുന്നതിനിടെ അപ്രതീക്ഷിതമായാണ് വിഗ്രഹം ആളുകളുടെ ഇടയിലേക്ക് മറിഞ്ഞുവീണത്. ലാൽബാഗിൽ നിന്നും നിർമാണം പൂർത്തിയാക്കി ട്രോളിയിൽ ഭുലേശ്വറിലെ താൽക്കാലിക പന്തലിലേക്ക് കൊണ്ടുവരുന്നതിനിടെ വിഗ്രഹം ഒരു വശത്തേക്ക് ചരിഞ്ഞുവീഴുകയായിരുന്നു. പന്തലിനു തൊട്ടരികിൽ എത്താറായപ്പോഴായിരുന്നു ദുരന്തം.
വീഴ്ചയുടെ ആഘാതത്തിൽ വിഗ്രഹം മൂന്നു കഷണങ്ങളായി തകർന്നു. വിഗ്രഹം കൊണ്ടുവന്ന ട്രോളിക്ക് മുകളിൽ ഇരുന്നവർക്കാണ് പരുക്കേറ്റതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. വിഗ്രഹം ഉറപ്പിച്ചു നിർത്തിയിരുന്ന ഇരുമ്പ് ഫ്രെയിമിന്റെ വെൽഡിങ് കൃത്യമല്ലാതിരുന്നതാണ് വിഗ്രഹം മധ്യഭാഗത്തുനിന്നും തെന്നിമാറി താഴേക്ക് പതിക്കാൻ കാരണമായതെന്ന് പ്രാഥമിക പരിശോധനയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രശസ്ത ശിൽപി അനികേത് ദേശായിയാണ് വിഗ്രഹ നിർമാണം നടത്തിയത്. സംഭവത്തിൽ ഡിബി മാർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




