News

മനുവിൻറെ മൃതദേഹം വിട്ടുനൽകണമെന്ന് സ്വവർഗ പങ്കാളി ജെബിൻ – ഹൈക്കോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും

കൊച്ചി: മനുവിന്‍റെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സ്വവർഗ പങ്കാളി ജെബിൻ നൽകിയ ഹർജിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. മനുവിന്‍റെ മരണം സംബന്ധിച്ചുള്ള ഇൻക്വിസ്റ്റ് റിപ്പോർട്ടും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. മനുവിന്‍റെ മാതാപിതാക്കളുടെ അഭിപ്രായവും ഇന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം മൃതദേഹം വിട്ടു നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചിട്ടുള്ളത്.

ഇന്ന് ഉച്ചക്ക് 1.45 നാണ് ജെബിൻ നൽകിയ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കുത. ഹർജിക്കാരനും മരിച്ചയാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ ഇന്ന് ഹാജരാക്കാം എന്ന് അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. ഫ്ലാറ്റിൽനിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മനുവിന്‍റെ മുതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നൽകാത്തത് എന്ന ഹർജിക്കാരന്‍റെ വാദം ആശുപത്രി അധികൃതർ നിഷേധിച്ചിട്ടുണ്ട്. ഏറ്റെടുക്കാൻ ആളില്ലാത്തതാണ് വിഷയമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മനുവിന്‍റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചതോടെയാണ് വിഷയം ചർച്ചയായത്. ഇതിന് പിന്നാലെയാണ് സ്വവർഗ പങ്കാളി ജെബിൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്തായാലും ഇക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button