News

ലക്ഷ്മിപ്രിയയുമായി റോഡിൽവെച്ച് അടിപിടി; റോബിൻ ബെസ്റ്റ് ഫ്രണ്ട്, ഇപ്പോഴത്തെ ബന്ധങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബ്ലെസ്ലി

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഷോ അവസാനിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും സീസൺ നാലിലെ മത്സരാർത്ഥികൾക്കിടയിലുണ്ടായ സൗഹൃദങ്ങളും തർക്കങ്ങളും ഇന്നും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ എട്ടിലെ ലെജൻഡറി വീക്കിൽ പങ്കെടുത്തതിന് പിന്നാലെ പഴയ സഹമത്സരാർത്ഥികളുമായുള്ള ഇപ്പോഴത്തെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബ്ലെസ്ലി.

ഡോ. റോബിൻ രാധാകൃഷ്ണനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കവെ റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ടിനെപ്പോലെയാണെന്നാണ് ബ്ലെസ്ലി പറയുന്നത്. റോബിന് തന്നോട് യാതൊരു ദേഷ്യവുമില്ലെന്നും പാവമാണെന്നും ബ്ലെസ്ലി പറയുന്നു. പുറത്തിറങ്ങിയശേഷം റോബിൻ ചെയ്ത ചില കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ വിജയിച്ചില്ലെന്ന് താൻ അദ്ദേഹത്തോട് തന്നെ പറയാറുണ്ടെന്നും ഇരുവരും ഇപ്പോൾ ഒന്നിച്ചിരുന്ന് കാര്യങ്ങൾ വിലയിരുത്താറുണ്ടെന്നും ബ്ലെസ്ലി വ്യക്തമാക്കി. റോബിൻ വളരെ ഇൻട്രോവേർട്ടായ വ്യക്തിയാണെന്നും അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കൾ കുറവാണെന്നും അഭിമുഖത്തിൽ പറഞ്ഞു.

ബിഗ് ബോസ് സീസൺ നാലിന് ശേഷം ഏറെക്കാലം ലക്ഷ്മിപ്രിയയുമായി സംസാരിച്ചിരുന്നില്ലെന്നും ബ്ലെസ്ലി വെളിപ്പെടുത്തി. എന്നാൽ സീസൺ എട്ടിലെ ലെജൻഡറി വീക്കിന് എത്തിയപ്പോഴാണ് വീണ്ടും സംസാരിച്ചത്. പിന്നീട് ഇരുവരും തമ്മിൽ വലിയ വഴക്കുണ്ടായ സംഭവവും ബ്ലെസ്ലി ഓർത്തെടുത്തു. കോമഡി സ്റ്റാർസ് പരിപാടിക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ റോഡിൽവെച്ച് ലക്ഷ്മിപ്രിയയുമായി വഴക്കുണ്ടായെന്നാണ് താരം പറയുന്നത്. താൻ അവിടെയുണ്ടെങ്കിൽ പരിപാടിയിൽ താൽപര്യമില്ലെന്ന് ലക്ഷ്മിപ്രിയ പറഞ്ഞതായും അതിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും ബ്ലെസ്ലി പറഞ്ഞു. അവിടെ ക്യാമറ ഉണ്ടായിരുന്നെങ്കിൽ മറ്റൊരു ബിഗ് ബോസ് തന്നെ സംഭവിക്കുമായിരുന്നുവെന്നും താരം തമാശരൂപേണ കൂട്ടിച്ചേർത്തു.

റിയാസ് സലീമുമായുള്ള ബന്ധത്തിലും വലിയ മാറ്റമുണ്ടായതായി ബ്ലെസ്ലി പറയുന്നു. ബിഗ് ബോസ് വീട്ടിൽ പരസ്പരം ശത്രുക്കളായിരുന്ന ഇരുവരും ഇപ്പോൾ സൗഹൃദത്തിലായിരിക്കുകയാണ്. ലെജൻഡറി വീക്കിന് ശേഷം മടങ്ങുമ്പോൾ താനും റിയാസും ഒരേ വാഹനത്തിലായിരുന്നു യാത്ര ചെയ്തതെന്നും ഏകദേശം 33 കിലോമീറ്റർ യാത്രയ്ക്കിടെ ഇരുവരും സംസാരിച്ചെന്നും ബ്ലെസ്ലി പറഞ്ഞു. റിയാസിനോട് പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. യാത്രയ്ക്കിടെ സമൂസ വേണോ എന്ന് ചോദിച്ചപ്പോൾ റിയാസ് ചിരിച്ചതും ബ്ലെസ്ലി ഓർത്തെടുത്തു.

അതേസമയം, ദിൽഷ പ്രസന്നനുമായും വീണ്ടും പഴയ സൗഹൃദം പുതുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബ്ലെസ്ലി വ്യക്തമാക്കി. സീസൺ നാലിന് ശേഷം ഇരുവരും തമ്മിൽ സംസാരിച്ചിരുന്നില്ല. എന്നാൽ സീസൺ എട്ടിലെ ലെജൻഡറി വീക്കിൽ വീണ്ടും കണ്ടുമുട്ടിയതോടെ പഴയ സൗഹൃദത്തിന്റെ ഊഷ്മളത തിരിച്ചെത്തി.

സീസൺ നാലിലെ മത്സരാർത്ഥികൾക്കിടയിലുണ്ടായ പ്രശ്നങ്ങൾ പലതും യഥാർഥമായിരുന്നുവെന്നും ഷോ കഴിഞ്ഞിട്ടും ചിലരുടെ ബന്ധങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്നും ബ്ലെസ്ലി പറയുന്നു. ജാസ്മിൻ ഇപ്പോഴും തന്നോട് സംസാരിക്കാറില്ലെന്നും ഡെയ്സി തന്റെ വിവാഹത്തിന് തന്നെയും റോബിനെയും ക്ഷണിച്ചിരുന്നില്ലെന്നും താരം വെളിപ്പെടുത്തി.

മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസ്ലി പഴയ സൗഹൃദങ്ങളെയും തർക്കങ്ങളെയും കുറിച്ച് മനസ് തുറന്നത്. സീസൺ നാലിലെ മത്സരാർത്ഥികൾ വീണ്ടും ഒന്നിച്ചെത്തിയതോടെ പഴയ സൗഹൃദങ്ങളും പിണക്കങ്ങളും വീണ്ടും ചർച്ചയാകുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button