പട്ടാപ്പകൽ ജുവലറിയിൽ വൻ കവർച്ച; കത്തിയും തോക്കും കാട്ടി ഭീഷണിപ്പെടുത്തി 20 പവൻ കവർന്നു

പാലക്കാട്: പട്ടാപ്പകൽ തോക്കുചൂണ്ടി ജുവലറിയിൽ വൻ കവർച്ച. പാലക്കാട് പെരിങ്ങോട്ടുകുറിശിയിൽ ‘ഇഷാൻ ഗോൾഡ്’ എന്ന ജുവലറിയിൽ ഇന്നുച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം നടന്നത്. ജുവലറിയിലെത്തിയ മൂന്നംഗ സംഘം തോക്കും കത്തിയും കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി 20 പവനോളം സ്വർണമാണ് കവർന്നത്.
മുഖംമൂടി ധരിക്കാതെയാണ് അക്രമികളെത്തിയത്. കടയിലെത്തിയ ഇവർ സ്വർണച്ചെയിൻ ആവശ്യപ്പെട്ടു. ജീവനക്കാർ ആഭരണങ്ങൾ കാട്ടാൻ തുടങ്ങുന്നതിടെ സംഘത്തിലെ ഒരാൾ തോക്കുചൂണ്ടി. ശേഷം കത്തികാട്ടി ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയും കയ്യിൽ കിട്ടിയ ആഭരണങ്ങളുമായി കടക്കുകയുമായിരുന്നു.
ജീവനക്കാരും കടയുടമയും ചേർന്ന് ഇവരെ പ്രതിരോധിക്കാനും ശ്രമിച്ചു. അക്രമികളിലൊരാൾ ഒരുതവണ വെടിയുതിർത്തുവെന്നും കടയുടമ പറയുന്നു. ഇതര സംസ്ഥാനക്കാരാണ് ഇവരെന്നാണ് സംശയം. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കേസെടുത്ത കോട്ടായി പൊലീസ് അന്വേഷണം ആരംഭിച്ചു.




