News

പുടിനെ സുഹൃത്തെന്ന് വിളിക്കുന്നത് ഹിറ്റ്‌ലറെ സുഹൃത്തെന്ന് വിളിക്കുന്നതുപോലെ; ട്രംപിനെതിരെ സെലെൻസ്‌കി

കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള സൗഹൃദത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. പുടിനെ സുഹൃത്തെന്ന് വിശേഷിപ്പിച്ച ട്രംപിന്റെ നടപടി വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പുടിനെ സുഹൃത്തായി കാണുന്നത് രണ്ടാം ലോകമഹായുദ്ധകാലത്ത് അഡോൾഫ് ഹിറ്റ്‌ലറെ സുഹൃത്തെന്ന് വിളിക്കുന്നതിന് തുല്യമാണെന്നും സെലെൻസ്‌കി തുറന്നടിച്ചു.

റഷ്യൻ പ്രസിഡന്റ് പുടിൻ ഒരു അക്രമിയും കൊലയാളിയുമാണെന്നും അത്തരമൊരാൾക്ക് ഒരിക്കലും സുഹൃത്താകാൻ കഴിയില്ലെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സെലെൻസ്‌കി വ്യക്തമാക്കി.

പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രം ‘എന്റെ സുഹൃത്ത്’ എന്ന അടിക്കുറിപ്പോടെ ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെലെൻസ്‌കിയുടെ പ്രതികരണം.

യുക്രെയ്‌നിന് ആവശ്യമായ വ്യോമപ്രതിരോധ മിസൈലുകൾ കൈമാറുന്നതിൽ അമേരിക്ക വരുത്തുന്ന കാലതാമസത്തെയും സെലെൻസ്‌കി വിമർശിച്ചു. പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങൾക്കുള്ള മിസൈലുകളുടെ കടുത്ത ക്ഷാമമാണ് രാജ്യം നേരിടുന്നത്. മിസൈലുകളുടെ കുറവ് സാധാരണക്കാരുടെ ജീവനെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അമേരിക്ക കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ യുക്രെയ്‌നുള്ള സൈനിക സഹായം വൈകുകയാണെന്നും സെലെൻസ്‌കി ആരോപിച്ചു. റഷ്യയെ യുദ്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ അമേരിക്ക കൂടുതൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അബുദാബിയിൽ നടന്ന അമേരിക്കൻ മധ്യസ്ഥതയിലുള്ള സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നും സെലെൻസ്‌കി പറഞ്ഞു. ഡിസംബറിൽ ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ അടുത്ത ഘട്ട ചർച്ചകളിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതിനിടെ, യുക്രെയ്‌നിലെ അധിനിവേശ മേഖലകളിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ റഷ്യൻ ഡ്രോണുകളെ പ്രതിരോധിക്കുന്നതിനുള്ള യുക്രെയ്‌ന്റെ നീക്കങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യൻ ആക്രമണങ്ങളിൽ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകരുകയും കീവിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലും തലസ്ഥാനം ഏതുവിധേനയും സംരക്ഷിക്കുമെന്ന് സെലെൻസ്‌കി വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾ മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയും റഷ്യയ്ക്കുമേൽ ശക്തമായ സമ്മർദം ചെലുത്താൻ കഴിയുന്ന സഖ്യകക്ഷികളുടെ പിന്തുണ യുക്രെയ്‌നിന് ആവശ്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button