അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സായ് പല്ലവി; ‘രാമായണ’യ്ക്ക് കേന്ദ്രമന്ത്രിയുടെ പ്രശംസ

ന്യൂഡൽഹി: സിനിമയുടെ റെക്കോർഡ് വിജയത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി രാമായണ താരങ്ങൾ. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ രൺബീർ കപൂർ, സായ് പല്ലവി, രാമായണയുടെ സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് നമിത് മൽഹോത്ര എന്നിവരാണ് അമിത് ഷായെ സന്ദർശിച്ചത്. ഡൽഹിയിലെത്തിയ താരങ്ങൾ അമിത് ഷായെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കാണുകയായിരുന്നു.
കൂടിക്കാഴ്‌ചയിൽ രാമായണയുടെ അണിയറപ്രവർത്തകരെ അമിത് ഷാ പ്രശംസിച്ചു. ഇതിഹാസത്തെ വലിയ സ്‌ക്രീനിൽ എത്തിച്ചതിൽ അവരുടെ പരിശ്രമങ്ങൾക്ക് കയ്യടി നൽകുകയും ചെയ്തു. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ അമിത് ഷാ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.അതേസമയം, റിലീസ് ചെയ്ത് 21ാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ സിനിമയായി മാറിയിരിക്കുകയാണ് രാമായണ. പുഷ്‌പ 2വിനെ കടത്തിവെട്ടിയാണ് നേട്ടം.
രാമായണയുടെ ആഗോള കളക്ഷൻ നിലവിൽ 1,755.60 കോടി രൂപയാണ്. 1,788.06 കോടി രൂപ നേടിയ ബാഹുബലി 2 (2017) ന് തൊട്ടുപിന്നിലാണ് രാമായണ ഇപ്പോൾ. 2070.30 കോടി രൂപ നേടിയ ദംഗൽ (2016), 1,813.39 കോടി രൂപ നേടിയ ധുരന്ധർ 2 (2026) എന്നിവയാണ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. പുഷ്പ 2 ലോകമെമ്പാടുമായി 1,742.10 കോടി രൂപയാണ് കളക്ഷൻ നേടിയത്. രാമായണയുടെ നിലവിലെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 982.55 കോടി രൂപയാണ്. ചിത്രം 1000 കോടി കടക്കുന്നത് ഉറ്റുനോക്കുകയാണ് സിനിമാലോകം.




