എഫ് ട്യൂൺ ഫെയ്സ് ക്രീമിന്റെ വെബ്സൈറ്റ് പൂട്ടി; കേരളത്തിലേക്ക് എത്തുന്ന ക്രീമുകളുടെ ഉറവിടം തേടി പൊലീസ്

മലപ്പുറം: മെർക്കുറിയുടെ അമിത സാന്നിധ്യം കണ്ടെത്തിയ എഫ് ട്യൂൺ ഫെയ്സ് ക്രീമുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. വിവാദങ്ങൾക്കിടെ കമ്പനിയുടെ വെബ്സൈറ്റ് പൂട്ടിയതോടെ ഉൽപ്പന്നത്തിന്റെ നിർമാണം, വിതരണം, റീപാക്കിങ് എന്നിവയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കേരളത്തിലെ വിപണിയിലെത്തുന്ന ഇത്തരം ക്രീമുകൾ എവിടെ നിർമിക്കുന്നു, എവിടെയാണ് റീപാക്കിങ് നടത്തുന്നത്, ആരാണ് ഇവയുടെ വിതരണത്തിന് പിന്നിൽ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. കാസർകോട്, മംഗളൂരു മേഖലകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
മലപ്പുറം സ്വദേശിനിയായ 17കാരിക്ക് എഫ് ട്യൂൺ ഫെയ്സ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവമാണ് വിവാദത്തിന് തുടക്കമിട്ടത്. ക്രീമിൽ അനുവദനീയമായ അളവിനേക്കാൾ 12,500 മടങ്ങ് മെർക്കുറി കണ്ടെത്തിയതായാണ് പരിശോധനാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ക്രീമിന്റെ കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയുടെ പേരിലുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പൊലീസ് നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പരസ്യങ്ങളിലൂടെയും ഇത്തരം ഉൽപ്പന്നങ്ങൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതും അന്വേഷണ പരിധിയിലാണ്. വ്യാജ വിലാസങ്ങളും അപൂർണമായ വിവരങ്ങളും ഉപയോഗിച്ച് വിപണനം നടത്തുന്ന സംഘങ്ങളെ കണ്ടെത്തുക പൊലീസിന് വെല്ലുവിളിയാണ്.
അനധികൃത സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയാൻ സംസ്ഥാനവ്യാപക പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പേരിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്ന സാഹചര്യം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. എഫ് ട്യൂൺ ക്രീമിന്റെ യഥാർഥ നിർമാണ കേന്ദ്രവും വിതരണ ശൃംഖലയും കണ്ടെത്തുന്നതോടെ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.




