News

രാഹുൽ ഗാന്ധിയുടെ വാദം കേൾക്കണം; കേസ് വീണ്ടും പരിഗണിക്കാൻ അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് പുതുതായി പരിഗണിക്കണമെന്നും, രാഹുൽ ഗാന്ധിയെ കക്ഷിയാക്കുകയും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ വാദം കേൾക്കുകയും വേണമെന്നും ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി.

രാഹുൽ ഗാന്ധിക്കും കുടുംബാംഗങ്ങൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് എസ്. വിഗ്‌നേഷ് ശിശിർ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാൻ മെയ് മാസത്തിലാണ് അലഹബാദ് ഹൈക്കോടതി സിബിഐയോടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോടും നിർദേശിച്ചത്. ജസ്റ്റിസ് ബ്രിജ് രാജ് സിംഗ്, ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാൻ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു അന്ന് ഉത്തരവിട്ടത്. പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഐയോടും, തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഇഡിയെയും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി ഉത്തരവുകൾക്കെതിരെ രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിക്കുകയും, ഹർജിക്കാരന് ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ നിയമപരമായ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ വാദം കേൾക്കാതെ ഹൈക്കോടതി എങ്ങനെയാണ് ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് ഓഗസ്റ്റ് 17-ന് സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഹൈക്കോടതി നടപടികൾ നിർത്തിവെക്കാൻ നിർദേശിച്ച സുപ്രീം കോടതി, ഇപ്പോൾ ഉത്തരവുകൾ പൂർണ്ണമായും റദ്ദാക്കി കേസ് പുതിയ വാദം കേൾക്കാനായി ഹൈക്കോടതിയിലേക്ക് തിരികെ അയക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button