News

തൃഷയുടെ പേരിൽ സംഘടന രൂപീകരിച്ചത് അനുമതിയില്ലാതെ; രാഷ്ട്രീയ ചർച്ചകൾക്കിടെ മൗനം തുടർന്ന് നടി

ചെന്നൈ: തമിഴ് സിനിമാതാരം തൃഷ കൃഷ്ണന്റെ പേരിൽ ആരാധകർ പുതിയ സംഘടന രൂപീകരിച്ചത് താരത്തിന്റെ മുൻകൂർ അനുമതിയില്ലാതെയെന്ന് വെളിപ്പെടുത്തൽ. സംഘടനയുടെ സ്ഥാപകനും കോ-ഓർഡിനേറ്ററുമായ രാജഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവം വലിയ ചർച്ചയായിട്ടും സംഘടനയുടെ രൂപീകരണത്തെക്കുറിച്ചോ രാഷ്ട്രീയ പ്രവേശന സാധ്യതകളെക്കുറിച്ചോ തൃഷ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

തിരുനെൽവേലിയിലാണ് തൃഷയെ കേന്ദ്രീകരിച്ച് ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്ന പേരിൽ സംഘടനയ്ക്ക് രൂപം നൽകിയത്. ഉദ്ഘാടന ചടങ്ങിൽ തൃഷയ്ക്ക് ‘ഇളയ വിപ്ലവ നായിക’ എന്ന വിശേഷണവും ഭാരവാഹികൾ നൽകി. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ശേഷം ഏറ്റവും വലിയ വ്യക്തിത്വവും സ്വാധീനശക്തിയുമുള്ള വ്യക്തിയാണ് തൃഷയെന്നും സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കൊപ്പം തൃഷ പ്രവർത്തിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ വ്യക്തിത്വമായി ഉയരാൻ കഴിയുമെന്നും സംഘടന അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് സംഘടന രൂപീകരിച്ചതെന്നാണ് ഭാരവാഹികളുടെ വിശദീകരണം. സൗജന്യ നിയമസഹായം, ചികിത്സാ സഹായം തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. സംഘടന സംസ്ഥാനവ്യാപകമായി വിപുലീകരിക്കാനും വിവിധ ജില്ലകളിൽ ഭാരവാഹികളെ നിയമിക്കാനും നീക്കമുണ്ട്.

തൃഷയുടെ പേരിൽ സംഘടന രൂപീകരിച്ചതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ. അണ്ണാമലൈയും രംഗത്തെത്തിയിരുന്നു. സിനിമാ താരങ്ങളെ നേതാക്കളായി ഉയർത്തിക്കാട്ടുന്ന പ്രവണതയെ അദ്ദേഹം വിമർശിച്ചു.

എന്നാൽ, തന്റെ പേരിൽ സംഘടന രൂപീകരിച്ചതിനെക്കുറിച്ച് തൃഷ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. താരത്തിന്റെ നിലപാട് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകരും സിനിമാ ലോകവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button