ശബരിമലയിൽ അരവണ വിൽപനയിൽ വൻ ഇടിവ്; ആദ്യ ആറു ദിവസം വിറ്റത് 9 ലക്ഷം ടിൻ മാത്രം

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് ആദ്യ ആറു ദിവസം പിന്നിടുമ്പോൾ അരവണ വിൽപനയിൽ വൻ ഇടിവ്. ഇതുവരെ വിറ്റഴിച്ചത് ഏകദേശം ഒൻപത് ലക്ഷം ടിൻ അരവണ മാത്രമാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 18 ലക്ഷത്തോളം ടിൻ അരവണ വിറ്റിരുന്നു. ഇതോടെ വിൽപനയിൽ 50 ശതമാനത്തോളം കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തീർഥാടകരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവാണ് അരവണ വിൽപനയെയും ബാധിച്ചത്. മണ്ഡലകാലത്തിന്റെ ആദ്യ ആറു ദിവസങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.38 ലക്ഷത്തോളം തീർഥാടകരുടെ കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം നവംബർ 16 മുതൽ 21 വരെ 5,10,445 പേർ ശബരിമലയിൽ ദർശനം നടത്തിയപ്പോൾ ഈ വർഷം ഇതേ കാലയളവിൽ എത്തിയത് 2,71,800 ഓളം തീർഥാടകർ മാത്രമാണ്. തീർഥാടകരുടെ എണ്ണത്തിൽ 47 ശതമാനത്തോളം ഇടിവുണ്ടായി.
അരവണ വിൽപനയ്ക്കു പുറമെ നടവരവ്, അപ്പം വിൽപന, അന്നദാന ഫണ്ട് തുടങ്ങിയ വരുമാനങ്ങളിലും കുറവുണ്ടായിട്ടുണ്ട്. ആദ്യ ആഴ്ചയിൽ മാത്രം ഏഴ് മുതൽ പത്ത് കോടി രൂപ വരെ വരുമാനക്കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ.
വെർച്വൽ ക്യൂ വഴി ബുക്കിങ് നടത്തിയിട്ടും ദർശനത്തിന് എത്താത്തവരുടെ എണ്ണവും ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 20,000ത്തിലധികം പേർ ബുക്ക് ചെയ്തിട്ടും എത്തിയില്ലെന്നാണ് കണക്ക്. ബുക്കിങ്ങിലെ ക്രമക്കേടുകൾ പരിശോധിക്കാൻ സൈബർ ഫൊറൻസിക് സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്.
തീർഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് വരും ദിവസങ്ങളിലെ അരവണ വിൽപനയെയും ദേവസ്വം ബോർഡിന്റെ വരുമാനത്തെയും എങ്ങനെ ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്.




