Kerala

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

കരമന: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരമന പോലീസ് അറസ്റ്റ് ചെയ്തു. കരമന മേലാറന്നൂർ സ്വദേശി തക്കുടു എന്നറിയപ്പെടുന്ന വിമൽരാജ് (24) ആണ് പിടിയിലായത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.

പൂജപ്പുര, കരമന, നേമം, കഴക്കൂട്ടം എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ വീടിനുനേരെ ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ശിക്ഷാ കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷവും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെയാണ് കാപ്പ നിയമപ്രകാരം നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.

മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന നിർദേശം പാലിക്കാതെ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടത്തിൽ ഫോർട്ട് എ.സി.പി പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. നേമം സി.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, കരമന എസ്.എച്ച്.ഒ അഭിജിത്ത് എന്നിവർ തയ്യാറാക്കി സമർപ്പിച്ച കാപ്പ നിയമപ്രകാരമുള്ള ശുപാർശ അംഗീകരിച്ചതിനെ തുടർന്നാണ് അധികൃതർ കരുതൽ തടങ്കലിന് ഉത്തരവിട്ടത്.

നഗരത്തിൽ ക്രിമിനൽ സംഘങ്ങൾക്കെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button