ശബരിമല തീർഥാടകർക്ക് ആശ്വാസം വേണം; സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്നും വെർച്വൽ ക്യൂ സമയപരിധിയിൽ ഇളവ് വേണമെന്നും ദേവസ്വം ജീവനക്കാരുടെ സംഘടന

തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്നും വെർച്വൽ ക്യൂ സമയപരിധിയിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്. ഇതുസംബന്ധിച്ച് സംഘടന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രി കെ മുരളീധരനും പരാതി നൽകി.
വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായിട്ടും ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതിന്റെ കാരണം അന്വേഷിക്കണം. കർശനമായ സമയനിബന്ധനകളും യാത്രാ പ്രതിസന്ധികളും തീർത്ഥാടകരിൽ ആശങ്ക ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.ജനുവരി ഒമ്പതുവരെയുള്ള എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ ബുക്കിംഗ് നിറഞ്ഞുകഴിഞ്ഞെങ്കിലും, പ്രതീക്ഷിച്ചത്ര തീർത്ഥാടകർ ദർശനത്തിന് എത്തുന്നില്ല.
ഈ സാഹചര്യത്തിൽ വിഷയത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് അന്വേഷിക്കാൻ ദേവസ്വം മന്ത്രി കെ മുരളീധരൻ നിർദേശം നൽകിയിട്ടുണ്ട്. ഏജൻസികളോ മറ്റോ കൂട്ടത്തോടെ ബുക്കിംഗ് നടത്തിയതാകാം എന്ന സംശയം ഉയർന്നെങ്കിലും പൊലീസ് ഇത് തള്ളിക്കളഞ്ഞു. ആധാർ കാർഡ് ഉപയോഗിച്ചാണ് ബുക്കിംഗ് നടക്കുന്നതെന്നും അതിനാൽ കൂട്ടത്തോടെയുള്ള ബുക്കിംഗ് പ്രായോഗികമല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
തിരക്ക് ഭയന്ന് ഭക്തർ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. വ്യാഴാഴ്‌ച 46,000ത്തോളം ഭക്തർ ദർശനം നടത്തിയെന്നാണ് കണക്ക്. ഇന്ന് രാവിലെ അഞ്ച് മണി മുതൽ ആറ് മണിവരെ 15,000ത്തോളം തീർത്ഥാടകർ പമ്പയിൽ നിന്ന് മല ചവിട്ടി. നിലവിൽ പ്രതിദിനം 66,000 പേർക്കാണ് വെർച്വൽ ക്യൂ വഴി ദർശനം നടത്താൻ അനുമതി ഉള്ളത്. 14,000ത്തോളം പേർക്ക് സ്‌പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താനും അനുമതിയുണ്ട്.




