News

ധോണിയെ നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹം; പ്രചോദനമായി വിശേഷിപ്പിച്ച് മുഖ്യമന്ത്രി

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സൂപ്പർതാരവുമായ മഹേന്ദ്രസിംഗ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത് ഇന്നാണ്. 45കാരനായ താരം ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി നീണ്ട 18 വർഷമാണ് കളിക്കളത്തിൽ ഉണ്ടായിരുന്നത്. ഇതിനിടെ 2010,2011,2018, 2021,2023 സീസണുകളിൽ ടീമിന് ഐപിഎൽ കിരീടം നേടിക്കൊടുക്കുകയും ചെയ്‌തു. 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം താരം ഐപിഎല്ലിൽ തുടരുകയായിരുന്നു. ഇപ്പോഴിതാ ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഹൃദയസ്‌പർശിയായ ദീർഘമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ.

നേരിട്ട് കാണണമെന്നും ഏറെനേരം സംസാരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നയാളാണ് ധോണിയെന്നാണ് മുഖ്യമന്ത്രി കുറിച്ചിരിക്കുന്നത്. മൈതാനത്തിൽ കടൽക്ഷോഭമുണ്ടാകുമ്പോൾ, കപ്പൽ കുലുങ്ങുമ്പോൾ നിങ്ങളെങ്ങനെയാണ് ക്യാപ്റ്റൻ ഇത്രമേൽ ശാന്തനാകുന്നത്?എങ്ങനെയാണ് കണ്ണിൽ ഭയമില്ലാതെയിരിക്കുന്നത് എന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ചോദിക്കുന്നു. തന്റെ കാഴ്‌ചയിലും കാഴ്‌ചപ്പാടിലും ധോണി ഒരു അസാധാരണ മനുഷ്യനാണെന്ന് വി ഡി സതീശൻ പറയുന്നു. ഒരു ജനതയെ മുഴുവൻ സ്വാധീനിച്ച അവരുടെ ഭാവനയെ കീഴടക്കിയ ചുരുക്കം ആളുകളെ ഉണ്ടായിട്ടുള്ളൂ, അതിലൊരാളാണ് ധോണി എന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ കുറിപ്പിലെ പ്രസക്‌ത ഭാഗങ്ങൾ: ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിലും ഇനി ധോണിയില്ല. നേരിട്ട് കാണണമെന്നും കുറേ നേരം സംസാരിക്കണമെന്നും ഞാൻ അത്രമേൽ ആഗ്രഹിക്കുന്നയാളാണ് ധോണി. നിങ്ങൾ എങ്ങനെ ഇത്ര ശാന്തനായിരിക്കുന്നുവെന്ന് എനിക്ക് ചോദിക്കണം. മൈതാനങ്ങളിൽ കടൽക്ഷോഭം ഉണ്ടാകുമ്പോൾ, കപ്പൽ കുലുങ്ങുമ്പോൾ, നിങ്ങൾ എങ്ങനെയാണ് ക്യാപ്റ്റൻ ഇത്രമേൽ ശാന്തനാകുന്നത്? എങ്ങനെയാണ് കണ്ണിന്റെ ഏതെങ്കിലുമൊരു കോണിൽ പോലും ഭയമെന്ന വികാരം ഇല്ലാതിരിക്കുന്നത്?

പിന്നീട് എപ്പോഴോ ഞാൻ തന്നെ അതിന് ഉത്തരം കണ്ടെത്തി, ഭയം ഗ്രസിക്കുന്നുവെങ്കിൽ അയാൾ ധോണിയല്ല. ഒരു സാധാരണ മനുഷ്യൻ മാത്രം. എന്റെ കാഴ്ചയിലും കാഴ്ചപ്പാടിലും ധോണി ഒരു അസാധാരണ മനുഷ്യനാണ്.ഒരു ജനതയെ മുഴുവൻ സ്വാധീനിച്ച, അവരുടെ ഭാവനയെ കീഴടക്കിയ ചുരുക്കം ആളുകളെ ഉണ്ടായിട്ടുള്ളൂ. അവരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. അതു കൊണ്ടാണ് തോൽക്കുമ്പോഴും ധോണി തലപ്പൊക്കത്തോടെ നിന്നത്. ഓരോ കളിയിലും അസാധ്യമായതൊന്ന് ധോണി കരുതി വച്ചിട്ടുണ്ടാകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതും അതുകൊണ്ടാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button