“ധനുഷ്, അഭിനയം ഉപേക്ഷിക്കരുത്; നിങ്ങളെപ്പോലൊരു നടനെ സിനിമയ്ക്ക് നഷ്ടമാകരുത്!” സായ് പല്ലവിയുടെ വൈകാരിക അഭ്യർഥന

‘ഒ.എം: ചാപ്റ്റർ വൺ’ സിനിമയുടെ പ്രീ-റിലീസ് ചടങ്ങിൽ നടൻ ധനുഷിനോട് വൈകാരിക അഭ്യർഥനയുമായി സായ് പല്ലവി. ജീവിതത്തിൽ ഏത് വഴിയിലേക്ക് പോയാലും അഭിനയം ഉപേക്ഷിക്കരുതെന്നാണ് താരം ധനുഷിനോട് ആവശ്യപ്പെട്ടത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ സിനിമയിൽനിന്ന് വിട്ടുനിന്ന കാര്യം പരാമർശിച്ചായിരുന്നു സായ് പല്ലവിയുടെ പ്രതികരണം. ധനുഷും രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ താരത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ധനുഷിന്റെ അഭിനയശൈലിയും കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിൽ ചെലുത്തുന്ന സ്വാധീനവും സായ് പല്ലവി പ്രശംസിച്ചു. ‘പൊല്ലാതവൻ’ സിനിമയ്ക്കുശേഷം നിരവധി പേർ ആ ചിത്രത്തിലെ ബൈക്കും സ്റ്റൈലും അനുകരിച്ച കാര്യം ഓർമിപ്പിച്ച താരം, ധനുഷിനെപ്പോലെയുള്ള നടന്മാരുടെ യാഥാർഥ്യബോധമുള്ള പ്രകടനങ്ങൾ പ്രേക്ഷകരിൽ ദീർഘകാല സ്വാധീനം ചെലുത്തുന്നുവെന്നും പറഞ്ഞു. അതേസമയം, രാമായണം സിനിമയിൽ സീതയായി സായ് പല്ലവിയെ തിരഞ്ഞെടുത്തതിനെതിരായ വിമർശനങ്ങളിൽ ധനുഷ് താരത്തിന് പിന്തുണയുമായി രംഗത്തെത്തി. അവരുടെ സമർപ്പണബോധത്തെയും അഭിനയത്തെയും അദ്ദേഹം പ്രശംസിച്ചു.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഒ.എം: ചാപ്റ്റർ വൺ’ ആന്ധ്രാപ്രദേശ്-തമിഴ്നാട് അതിർത്തിയിലെ ശേഷാചലം കാടുകളിലെ ചുവന്ന ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ധനുഷ് അണ്ടർകവർ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥനായും സായ് പല്ലവി നിത്യ റെഡ്ഡി എന്ന കഥാപാത്രമായും എത്തുന്നു. മമ്മൂട്ടി, ശ്രീലീല, നസീറുദ്ദീൻ ഷാ എന്നിവരും ചിത്രത്തിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ നവംബർ 20ന് ചിത്രം തിയേറ്ററുകളിലെത്തും.




