പ്രിയദർശിനി സർവീസിൽ യാത്രക്കാർക്ക് ആശ്വാസം; 300ലേറെ സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു, വൻ തിരിച്ചടി!

കോഴിക്കോട്: യാത്രക്കാരുടെ എണ്ണത്തിലെ ഇടിവും കുതിച്ചുയരുന്ന പ്രവർത്തനച്ചെലവും കാരണം കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. സർവീസ് തുടരാനാകാതെ ഇതിനകം 300 ലേറെ ബസുകൾ സർവീസ് അവസാനിപ്പിച്ചു. നിലവിലെ സ്ഥിതി തുടർന്നാൽ പൊതുഗതാഗത സംവിധാനത്തെത്തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ കൂടുതൽ ബസുകൾ സർവീസ് നിർത്തേണ്ടിവരുമെന്ന ആശങ്കയിലാണ് ബസുടമകൾ.
1200 സ്വകാര്യ ബസുകളാണ് ജില്ലയിൽ സർവിസ് നടത്തുന്നത്. നഷ്ടം സഹിച്ചുകൊണ്ട് മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ ജില്ലയിലെ ഗ്രാമീണ മേഖലകളിലും നഗരപരിധിയിലും നിരവധി ബസുകളാണ് ഇതിനോടകം സർവീസ് നിർത്തിവച്ചത്. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ധനവിലയ്ക്കും സ്‌പെയർ പാർട്സ് വിലയ്ക്കും പുറമെ, മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധനകളും കനത്ത പിഴയും ബസുടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി. അതേസമയം, ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന ഉടമകളുടെ പ്രധാന ആവശ്യം സർക്കാർ തള്ളിയത് മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. നിരക്ക് വർദ്ധനയില്ലാതെ നിലവിലെ സാഹചര്യത്തിൽ മുന്നോട്ടുപോകാനാവില്ലെന്നാണ് ഉടമകളുടെ നിലപാട്.അതേസമയം, ചാർജ് വർദ്ധന ഒഴികെയുള്ള മറ്റ് പ്രായോഗിക ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ ഉറപ്പുനൽകിയിട്ടുണ്ട്. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി വാടകയ്‌ക്കെടുക്കുന്ന കാര്യവും സ്വകാര്യ ബസ് മേഖലയ്ക്ക് വ്യവസായ പദവി നൽകുന്നതും പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
സർവീസ് തുടരാൻ കഴിയാത്ത സാഹചര്യം തുടർന്നാൽ കൂടുതൽ ബസുകൾ നിരത്തൊഴിയേണ്ടിവരും. ഗ്രാമീണ മേഖലകളിൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ, തൊഴിലാളികൾ, സാധാരണ യാത്രക്കാർ എന്നിവരെയാകും പ്രതിസന്ധി നേരിട്ട് ബാധിക്കുക. സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായ ഇടപെടലുകളും അനുകൂല തീരുമാനങ്ങളും ഉണ്ടായില്ലെങ്കിൽ ജില്ലയിലെ പൊതുഗതാഗത സംവിധാനത്തെ പോലും ബാധിക്കുന്ന തരത്തിൽ കൂടുതൽ ബസുകൾ സർവീസ് നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ബസുടമകൾ നൽകുന്ന മുന്നറിയിപ്പ്.




