കോഴഞ്ചേരി പാലത്തിന്റെ പേരിൽ രാഷ്ട്രീയ പോര് മുറുകുന്നു; വീണ ജോർജും അബിൻ വർക്കിയും നേർക്കുനേർ

പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനെച്ചൊല്ലി മുൻമന്ത്രി വീണ ജോർജും ആറന്മുള എംഎൽഎ അബിൻ വർക്കിയും തമ്മിലുള്ള പോര് മുറുകുന്നു. പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യവാക്പോരിലേക്ക് കടന്നിരിക്കുകയാണ്.
പാലം അനുവദിച്ചതും നിർമാണത്തിനുള്ള ഫണ്ട് ലഭ്യമാക്കിയതും ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണെന്നാണ് വീണ ജോർജിന്റെ വാദം. 2016-ൽ ആറന്മുള എംഎൽഎയായിരുന്ന സമയത്ത് തന്റെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കോഴഞ്ചേരി പുതിയ പാലം പ്രഖ്യാപിച്ചതെന്നും അവർ വ്യക്തമാക്കി.
2016 ഒക്ടോബർ 31-ന് 22.02 കോടി രൂപയുടെ ഭരണാനുമതിയും 2017 ഓഗസ്റ്റ് 21-ന് 19.77 കോടി രൂപയുടെ സാമ്പത്തികാനുമതിയും കിഫ്ബി വഴി ലഭിച്ചതായും വീണ ജോർജ് ചൂണ്ടിക്കാട്ടുന്നു. 2018-ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. പ്രളയം, കോവിഡ്, കോടതി വ്യവഹാരങ്ങൾ, സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എന്നിവയാണ് നിർമാണം വൈകാൻ കാരണമായതെന്നും അവർ വിശദീകരിച്ചു.
എന്നാൽ പാലത്തിന്റെ ആദ്യഘട്ട ഫണ്ട് അനുവദിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്നാണ് അബിൻ വർക്കിയുടെ വാദം. 2012-13ലെ ബജറ്റിൽ അന്നത്തെ ആറന്മുള എംഎൽഎ ശിവദാസൻ നായരുടെ പ്രത്യേക ആവശ്യപ്രകാരം രണ്ട് കോടി രൂപ അനുവദിച്ചിരുന്നുവെന്നും 2013 മാർച്ച് 13ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുക ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
അതേസമയം, പാലത്തിന്റെ നിർമാണം 2018-ൽ ആരംഭിച്ചെങ്കിലും താൻ എംഎൽഎയായ ശേഷമാണ് അവസാനഘട്ട നിർമാണവും അപ്രോച്ച് റോഡുകളുടെ പൂർത്തീകരണവും സ്ഥലമേറ്റെടുപ്പും ഉൾപ്പെടെയുള്ള നിർണായക നടപടികൾ നടന്നതെന്നാണ് അബിൻ വർക്കിയുടെ വിശദീകരണം.
പാലത്തിന്റെ ഉദ്ഘാടനത്തിന് പലതവണ ക്ഷണിച്ചിട്ടും വീണ ജോർജ് ഫോൺ എടുത്തില്ലെന്നും അബിൻ ആരോപിച്ചു. മാർച്ചിൽ ഉദ്ഘാടനം നടത്തിയെങ്കിലും സൈക്കിളിന് പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പാലമെന്നും അദ്ദേഹം വിമർശിച്ചു.
വീണ ജോർജ് ഉന്നയിച്ച ആരോപണങ്ങൾക്കും അബിൻ വർക്കി മറുപടി നൽകിയിട്ടുണ്ട്. പാലവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തുന്നവർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നാണ് വീണ ജോർജിന്റെ ആവശ്യം.
പാലത്തിന്റെ നിർമാണ ചരിത്രത്തിൽ ആരുടെ പങ്കാണ് വലുതെന്ന തർക്കം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. അതേസമയം, ഒരു നാടിന്റെ ദീർഘകാല സ്വപ്നമായ പാലത്തിന്റെ പേരിൽ രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വാക്പോര് തുടരുന്നതിൽ നാട്ടുകാർക്കിടയിലും ചർച്ചകൾ സജീവമാണ്.




