ചേരാനല്ലൂർ അപകടം: സ്കൂളിൽ ബൈക്കോടിച്ച് പോയിട്ടുണ്ടെന്ന് 17കാരന്റെ വെളിപ്പെടുത്തൽ; വീണ്ടും മൊഴിയെടുത്തു

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ പ്രതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഇന്നലെയാണ് അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായ 17കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിദ്ധ്യമില്ലാതെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം അനുമതി വാങ്ങിയിരുന്നു. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. കാറും ബൈക്കും ഓടിച്ചിട്ടുണ്ട്. ബൈക്ക് ഓടിച്ച് സ്കൂളിൽ പോയിട്ടുണ്ടെന്നും 17കാരൻ സമ്മതിച്ചു. അച്ഛൻ അറിയാതെയാണ് വാഹനങ്ങൾ ഓടിച്ചിരുന്നതെന്നും 17കാരൻ മൊഴി നൽകി. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് നാളെ കോടതിയിൽ ഹാജരാക്കും.
ഇക്കഴിഞ്ഞ ഒക്ടോബർ 25 ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ മരപ്പറമ്പിലെ ഫോർഡ് ഷോറൂമിന് സമീപത്തുവച്ചാണ് 17കാരൻ ഓടിച്ച ബെൻസ് കാർ ജയബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ഇടിച്ചുകയറിയത്. ശക്തമായ മഴ പെയ്യവെ 108 കിലോമീറ്ററിലധികം സ്പീഡിലാൻണ് കാർ ഓടിച്ചിരുന്നത്. ഒരു കൈ സ്റ്റിയറിംഗിലും മറ്റേ കൈകൊണ്ട് ഫോണിൽ സ്പീഡോമീറ്ററിന്റെ ദൃശ്യങ്ങൾ പകർത്തിയുമാണ് വാഹനം ഓടിച്ചതെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ ജയബാലകൃഷ്ണന്റെ മക്കൾ ആരോപിച്ചിരിക്കുന്നത്.
കാറിന്റെ ആർസി ഉടമയായ അഡീഷണൽ ജില്ലാ ജഡ്ജിയെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇദ്ദേഹത്തിന് പിന്നീട് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 17കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡും എറണാകുളം അഡീഷണൽ സെഷൻസ് കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി സർക്കാരിനും അഭിഭാഷകൻ വഴി 17കാരനും നോട്ടീസ് അയച്ചു.



