Kerala

മുംബൈയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി വയോധിക കൊല്ലപ്പെട്ടു; കൈകാലുകൾ കെട്ടിയിട്ട നിലയിൽ മൃതദേഹം

മുംബൈ: മുംബൈയിലെ പൻവേലിന് സമീപം ഖൊപ്പോളിയിൽ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവ് സ്വദേശിനി മഹേശ്വരി രാമചന്ദ്രൻ (71) ആണ് മരിച്ചത്.

ഭാൻവജിലെ കാർമൽ സ്കൂളിന് പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ നാലാം നമ്പർ ഫ്ലാറ്റിലാണ് മഹേശ്വരിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയിട്ട നിലയിലും വായിൽനിന്ന് രക്തം വാർന്ന നിലയിലുമായിരുന്നു മൃതദേഹം.മക്കളായ സന്ധ്യ, വിനോദ്, മനോജ് എന്നിവർ വിദേശത്തായതിനാൽ മഹേശ്വരി ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം.

നിരവധി തവണ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിലെ സാധനങ്ങളും അലമാരയിലെ വസ്ത്രങ്ങളുമെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നുവെന്നാണ് വിവരം.മോഷണശ്രമത്തിനിടെയാകാം കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പരിചയക്കാർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.ഖൊപ്പോളി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാലാപുർ ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരാണ് ഭർത്താവ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണവും മരണസമയവും സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button