നെതന്യാഹുവിനെതിരെ ഐസൻകോട്ടിന്റെ കടുത്ത വിമർശനം; ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപണം

ജെറുസലേം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തർക്കം കൂടുതൽ രൂക്ഷമാകുന്നു. ബെഞ്ചമിൻ നെതന്യാഹു അധികാരത്തിൽ തുടരുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്ന ഗിഡി ഐസൻകോട്ട് രംഗത്തെത്തി. നെതന്യാഹു സ്ഥാനമൊഴിയണമെന്നും രാജ്യത്ത് അടിയന്തര ഐക്യ സർക്കാർ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ ചേർന്ന പുതിയ പാർലമെന്റ് ആദ്യ സമ്മേളനത്തിൽ നെതന്യാഹു ദേശീയ ഐക്യ സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ഇറാനിൽ നിന്നുള്ള ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ കക്ഷികൾ ഒന്നിച്ചുനിൽക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, നെതന്യാഹുവിന്റെ പ്രസംഹത്തിനെതിരെ രൂക്ഷവിമർശനവുമായി ഐസൻകോട്ട് രംഗത്തെത്തി. രാജ്യത്തെ ഒന്നിപ്പിക്കേണ്ട ഔദ്യോഗിക ചടങ്ങ് രാഷ്ട്രീയ ഭിന്നതകൾ
വളർത്താൻ നെതന്യാഹു ഉപയോഗിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.’വിഭജനവും വിദ്വേഷവും നിറഞ്ഞ നെതന്യാഹുവിന്റെ പ്രസംഗം കേട്ടതോടെ അദ്ദേഹത്തിന് ഒരു നിമിഷം പോലും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹതയില്ലെന്ന നിലപാടിൽ കൂടുതൽ ഉറച്ചുനിൽക്കുകയാണ്’- ഐസൻകോട്ട് പറഞ്ഞു. ഇറാന്റെ ആണവപദ്ധതിയുടെ പശ്ചാത്തലത്തിൽ ഇസ്രയേലിന് ഉടൻ അന്താരാഷ്ട്ര സമ്മർദം നേരിടേണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.




