മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും! കടുത്ത നടപടിക്കൊരുങ്ങി സർക്കാർ; മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സർക്കാർ നീക്കം ശക്തമാക്കുന്നു. വിഷയത്തിൽ ഗതാഗതമന്ത്രിയുമായി പോലീസ് ഉന്നതതല ചർച്ചകൾ നടന്നു വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനവ്യാപകമായി പോലീസിന്റെ രാത്രികാല പരിശോധനകൾ കടുപ്പിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച പതിനേഴായിരത്തോളം ആളുകളെയാണ് പോലീസ് ഇതുവരെ പിടികൂടിയത്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് ബാധ്യസ്ഥരാണെന്നും, വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി പോലീസിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ട്രാഫിക് പരിശീലനവും ബോധവൽക്കരണവും നൽകി വരുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കൂടാതെ, സ്വകാര്യ ബസ്സുകളുടെ അമിതവേഗത്തിനും മത്സരഓട്ടത്തിനും റാഷ് ഡ്രൈവിങ്ങിനുമെതിരെ കർശന നടപടിയെടുക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
‘ഓപ്പറേഷൻ തൂഫാന്റെ’ രണ്ടാം ഘട്ടമായ ‘തൂഫാൻ കെയർ’ ഈ മാസം 16-ാം തീയതി ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ലഹരിക്ക് അടിമപ്പെട്ടവരെ പുനരധിവസിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ 35-ഓളം ആശുപത്രികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പോലീസ് ഡി-അഡിക്ഷൻ സെന്ററുകൾ വഴി നിരവധി പേരെ ഇതിനകം ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കുറ്റകൃത്യങ്ങളിൽ 35 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും റോഡപകടങ്ങളും പ്രാദേശിക സംഘർഷങ്ങളും വലിയ തോതിൽ തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും, ഈ ജനകീയ ദൗത്യം ശക്തമായി തുടർന്നുപോകുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.



