വിവാഹം കഴിഞ്ഞ നാൾ മുതൽ സമാധാനമില്ല;ഭർതൃസഹോദരിക്കെതിരെ തുറന്നടിച്ച് യൂട്യൂബർ അസ്ല മാർലി

ഭർതൃസഹോദരി അമാലുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അസ്ല മാർലി. താൻ വിവാഹം കഴിച്ച് ഭർത്താവിന്റെ വീട്ടിലെത്തിയ അന്നുമുതൽ ഭർതൃസഹോദരിയിൽ നിന്ന് മാനസിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നുവെന്നാണ് അസ്ലയുടെ വെളിപ്പെടുത്തൽ.
അമാൽ തനിക്കെതിരെ ഗാർഹിക പീഡന ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് അസ്ല പ്രതികരണവുമായി രംഗത്തെത്തിയത്. അമാലിന് പ്രസവാനന്തര വിഷാദമുണ്ടെന്ന് വീട്ടുകാർ പറഞ്ഞിരുന്നതായും എന്നാൽ അതിന്റെ പേരിൽ താൻ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നതായും അസ്ല പറയുന്നു.
വിവാഹം കഴിഞ്ഞ് ആ വീട്ടിലെത്തിയ നാൾ മുതൽ തനിക്ക് സമാധാനമുണ്ടായിട്ടില്ലെന്നാണ് അസ്ലയുടെ ആരോപണം. ഭർതൃസഹോദരിയുടെ പരിപാടികളിൽ പങ്കെടുക്കുമ്പോൾ പോലും പലതവണ കരഞ്ഞിട്ടുണ്ടെന്നും അവരെ ഭയന്ന് കുടുംബത്തിലെ ചില ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നിട്ടുണ്ടെന്നും അസ്ല വെളിപ്പെടുത്തി.
ഭർത്താവ് അംജുക്ക വീട്ടിലെത്തുന്ന ദിവസങ്ങളിൽ പോലും സമാധാനമായി കഴിയാൻ സാധിച്ചിട്ടില്ലെന്നും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഭർത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് കാണാൻ അവസരം ലഭിക്കുന്നതെന്നും അസ്ല പറയുന്നു.
അതേസമയം, ഭർത്താവിന്റെ മാതാപിതാക്കൾ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും അവർ വളരെ നല്ലവരാണെന്നും അസ്ല വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും കേസ് നിലനിൽക്കുന്നതിനാൽ പരിമിതികളുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഭർതൃസഹോദരിയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളിൽ തനിക്ക് പങ്കില്ലെന്നും അവരുടെ ഭർത്താവ് എവിടെയാണെന്ന കാര്യത്തിൽ താൻ ഇടപെട്ടിട്ടില്ലെന്നും അസ്ല വിശദീകരിച്ചു.ഭർതൃസഹോദരിയുമായി ബന്ധപ്പെട്ട വിവാദം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നതിനിടെയാണ് അസ്ലയുടെ പുതിയ പ്രതികരണം.




