തലസ്ഥാനത്ത് 17കാരനെ കൊലപ്പെടുത്തിയ സംഭവം; കാമുകിക്കും പങ്കെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ 17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. കൊലയ്ക്ക് കാരണം കൊല നടത്തിയ 17കാരന്റെ മുൻ പെൺസുഹൃത്തും കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്തുമായുള്ള ബന്ധമെന്ന് മൊഴി. കേസിൽ ഒന്നാം പ്രതിയായ 17കാരന്റെ പെൺസുഹൃത്തിനെയും പ്രതി ചേർത്തു. ഈ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും പൊലീസ് വ്യക്തമാക്കി. മണക്കാട് സ്വദേശിനിയായ അനന്തയാണ് മൂന്നാം പ്രതി. 18കാരിയായ അനന്ത ഐടിഐ വിദ്യാർത്ഥിനിയാണ്.
പക തീർക്കാനായി പെൺകുട്ടി ചിത്രങ്ങൾ പ്രതിക്ക് അയച്ചു. ഇതോടെയാണ് അഭിറാമിന്റെ സുഹൃത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ശ്രീകാര്യം പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയിനിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ മധുവിന്റെയും ധർമ്മജയുടെയും മകൻ അഭിറാം (17) ആണ് കൊല്ലപ്പെട്ടത്.പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന അഭിറാമിന്റെ സൃഹൃത്തിനെയാണ് കൊല്ലാൻ ലക്ഷ്യമിട്ടിരുന്നത്.
ഇയാളെ ഫോണിൽ വിളിച്ച് വരാൻ ആവശ്യപ്പെട്ടുവെങ്കിലും അപകടം മനസിലാക്കി എത്തിയില്ല. തുടർന്ന് അഭിരാമിനെ ഉപയോഗിച്ച് ഇയാളെ എത്തിക്കാൻ പദ്ധതിയിട്ടു. തർക്കമായതോടെ അഭിരാമിനെ കൊല്ലേണ്ടി വന്നുവെന്നാണ് 17കാരന്റെ മൊഴി. 17കാരന്റെയും രണ്ടാം പ്രതിയായ 22കാരൻ ഉമർ മുഖ്താറിന്റെയും മൂന്നാം പ്രതിയായ അനന്തയുടെയും അറസ്റ്റ് രേഖപ്പെടുത്തി.പ്രതിയായ 17കാരന് മുൻപ് ഒരു പ്രണയമുണ്ടായിരുന്നു. ഈ പെൺകുട്ടിയുമായി പിന്നീട് വേർപിരിഞ്ഞു.
പിന്നീട് അഭിറാമിന്റെ മുൻ പെൺസുഹൃത്തുമായി പ്രണയത്തിലായി. പഴയ കാമുകി പക തീർക്കാനായി പുതിയ കാമുകനെ കണ്ടെത്തി. ഈ കാമുകനുമൊത്തുള്ള ചിത്രങ്ങൾ അഭിറാമിന്റെ സുഹൃത്തിന് അയച്ചുകൊടുത്തു. ഇതിൽ പ്രകോപിതനായ പ്രതി പുതിയ കാമുകനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. അഭിറാമിന്റെ സുഹൃത്താണ് പുതിയ കാമുകൻ.
ഇയാളെ വിളിച്ചുവരുത്താനായി വേണ്ടി അഭിറാമിനെ ഉപയോഗിക്കാൻ പദ്ധതിയിട്ടു. തുടർന്ന് അഭിരാം എത്തുകയും തർക്കത്തിൽ കൊല്ലപ്പെടുകയുമായിരുന്നു. പ്രതി പുതിയ കാമുകിയുടെ ഫോൺ രണ്ട് ദിവസത്തേയ്ക്ക് വാങ്ങി. തുടർന്ന് പഴയ കാമുകിയാണെന്ന വ്യാജേന അഭിറാമിന് മെസേജ് അയക്കുകയും ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. ഈ പെൺകുട്ടിയാണെന്ന വ്യാജേന അഭിറാമിനെ വിളിച്ചുവരുത്തുകയായിരുന്നു.




