നമുക്കിനി സമയമില്ല’; ഭീതിയോടെ നിലവിളിച്ച് വനിതാ ജീവനക്കാരി, ഫ്ലോറിഡ വിമാനാപകടത്തിന് തൊട്ടുമുൻപുള്ള സംഭാഷണങ്ങൾ പുറത്ത്

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ലിയർജെറ്റ് 60 വിമാനം തകർന്നുവീണ് ഒമ്പത് പേർ മരിച്ചസംഭവത്തിൽ പൈലറ്റുമാരുടെ അവസാന ശബ്‌ദസന്ദേശങ്ങൾ പുറത്ത്. അപകടത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ കൈമാറിയ അടിയന്തര സന്ദേശങ്ങളാണ് പുറത്തുവന്നത്.
‘മെയ്‌ഡേ, മെയ്‌ഡേ. മിനിറ്റിൽ 10,000 അടി വേഗത്തിൽ താഴേക്ക് പതിക്കുകയാണ്’- പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. പിന്നീട് വിമാനം മിനിറ്റിൽ 20,000 അടി വേഗത്തിൽ താഴുകയാണെന്നും നിലത്തിടിക്കാൻ പോവുകയാണെന്നും മുന്നറിയിപ്പ് നൽകി. ദൈവമേ നമുക്കിനി സമയമില്ലെന്ന് വിമാനത്തിലെ വനിതാജീവനക്കാരി നിലവിളിക്കുന്നതും ശബ്‌ദരേഖയിലുണ്ട്.അമേരിക്കയിലെ തെക്കൻ ഫ്ളോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
ഞായറാഴ്‌ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12.50ഓടെ പാം ബീച്ച് കൗണ്ടിയിലാണ് സംഭവം. അപകടസ്ഥലത്തുവച്ചുതന്നെ വിമാനത്തിലുണ്ടായിരുന്ന ഒൻപതുപേരും മരിച്ചു. ടെക്‌സാസിലെ ഓസ്റ്റിൻ ബെർഗ്‌സ്‌ട്രോം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ബഹാമാസിലേക്ക് പോകുകയായിരുന്ന ലിയർജെറ്റ് 60 മാതൃകയിലുള്ള വിമാനമാണ് തകർന്നത്. ജനവാസമേഖലയിൽ തൊട്ടടുത്തായി വീടുകളും വാഹനങ്ങളുമുണ്ടായിരുന്ന ഭാഗത്തേക്കാണ് വിമാനം തകർന്നുവീണത്. തൊട്ടടുത്തുണ്ടായിരുന്ന വാഹനത്തിലിരുന്നവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ അപകടം നടന്നതെങ്ങനെയെന്ന് വ്യക്തമാണ്.
റോഡിന് സമീപത്ത് വിമാനം പതിച്ചയിടത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ വാഹനങ്ങളിൽ നിന്നും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വിമാനം വന്നുവീണത്. ഗതാഗത സെക്രട്ടറി സീൻ ഡഫി അപകടത്തെ ‘ഭയാനകമായ ദുരന്തം’ എന്ന് വിശേഷിപ്പിച്ചു. സംഭവത്തെക്കുറിച്ച് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷിക്കും. ഇവരുടെ സഹായത്തിന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷന്റെ ഒരു സംഘത്തെ അയക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
വിമാനം പെട്ടെന്ന് തകർന്നുവീണതിന്റെ കാരണമെന്താണെന്നോ വിമാനത്തിൽ ആരെല്ലാമാണ് യാത്രക്കാരെന്നോ വ്യക്തമല്ല. 11 കിലോമീറ്റർ ഉയരത്തിൽ കിഴക്ക് ഭാഗത്തേക്ക് സഞ്ചരിക്കവെയാണ് വിമാനം നിലതെറ്റി താഴേക്ക് പതിച്ചത്. സ്ഥലത്ത് കഴിഞ്ഞദിവസം മഴ പെയ്‌തിരുന്നു. ശക്തമായ മഴയും തണുപ്പേറിയ കാലാവസ്ഥയുമുണ്ടെന്നും വിമാനത്തിൽ ഐസ് അടിഞ്ഞുകൂടുന്നെന്നും പൈലറ്റ് അറിയിച്ചിരുന്നു. തുടർന്ന് 610 മീറ്റർ കൂടി ഉയരത്തിൽ പറക്കാൻ അനുമതിയും തേടി. പക്ഷേ ഇതിന് സാധിച്ചില്ല.




