ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്ത് കെഎസ്ഇബി ചെയർമാൻ, കെ.ആർ. ജ്യോതിലാൽ ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുമായി സർക്കാർ. കെസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ മാറ്റി. പകരം എൻ പ്രശാന്തിനെ നിയമിച്ചു. കെ ആർ ജ്യോതിലാൽ ആണ് പുതിയ ആഭ്യന്തര സെക്രട്ടറി.
ആഭ്യന്തര സെക്രട്ടറിയായിരുന്ന മിൻഹാജ് ആലത്തെ ധനകാര്യവകുപ്പിലേക്ക് മാറ്റി. ആരോഗ്യവകുപ്പിൽ നിന്ന് ഷർമിള മേരി ജോസഫിനെ മാറ്റി പകരം മുഹമ്മദ് ഹനീഷിനാണ് പുതിയ ചുമതല. ഗതാഗതവകുപ്പിന്റെ ചുമതലയാണ് ഷർമിള മേരി ജോസഫിന് സർക്കാർ നൽകിയത്. അതേസമയം, എം ബീനയെ വ്യവസായ വകുപ്പ് സെക്രട്ടറിയായും സർക്കാർ നിയമിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി വി അനുപമയെ ധനകാര്യ വകുപ്പ് സെക്രട്ടറിയായും, ടി വി സുഭാഷിനെ കെ എം എസ് സി എൽ എം ഡിയായും നിയമിച്ചു.ജാഫർ മാലിക്കാണ് പുതിയ ജി എസ് ടി കമ്മീഷണർ. മുൻ ജി എസ് ടി കമ്മീഷണർ പി ബി നൂഹിനെ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാക്കി. സിയാൽ എം ഡി എസ് സുഹാസിന് ഐ ടി സ്പെഷ്യൽ സെക്രട്ടറി ചുമതലയും അഫ്സാന പർവീണിനെ മിൽമ എം ഡിയായും അനു കുമാരിയെ ടൂറിസം ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.




