സി.പി.ഐ.എമ്മിൽ പരാതി പരിഹാര സമിതി നിലവിൽ വന്നു; ടി.എൻ സീമ അധ്യക്ഷ, തിരുത്തലുകൾ വരുത്താൻ പാർട്ടി കമ്മിറ്റികൾക്ക് അധികാരമില്ല

തിരുവനന്തപുരം: ലിംഗസമത്വവും സുതാര്യതയും മുൻനിർത്തി സി.പി.ഐ.എം കേരള ഘടകത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിലവിൽ വന്നു. ഡോ. ടി.എൻ സീമ അധ്യക്ഷയായ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. പാർട്ടിയിലെ പീഡന പരാതികൾ ഇനി മുതൽ ഈ കമ്മിറ്റിയാകും നേരിട്ട് പരിശോധിക്കുക. എൻ. ചന്ദ്രൻ, എം. വിജയകുമാർ, പി.കെ സൈനബ, ടി. ഗീനാകുമാരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
കേന്ദ്രക്കമ്മിറ്റിയുടെ കർശന നിർദ്ദേശ പ്രകാരമാണ് പാർട്ടിക്കുള്ളിൽ ഐ.സി.സി രൂപീകരിച്ചത്. നേരത്തെ തന്നെ ഇത് സംബന്ധിച്ച് തീരുമാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായി നടപ്പിലായിരുന്നില്ല. പുതിയ തീരുമാനത്തോടെ പാർട്ടിയിലെ പീഡന പരാതികൾ ഇനി മുതൽ സാധാരണ പാർട്ടി കമ്മിറ്റികൾ കൈകാര്യം ചെയ്യുന്ന രീതി പൂർണ്ണമായും അവസാനിക്കും.
പരാതികളിൽ ഐ.സി.സി എടുക്കുന്ന തീരുമാനമായിരിക്കും അന്തിമം. ഇതിൽ മാറ്റം വരുത്താൻ പാർട്ടി കമ്മിറ്റികൾക്ക് യാതൊരു അധികാരവും ഉണ്ടായിരിക്കില്ല. അതത് ഘടകങ്ങളിലെ ഐ.സി.സിയാകും പരാതികളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുക. സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ ഉണ്ടെങ്കിൽ മേൽക്കമ്മിറ്റിയിലെ ഐ.സി.സിയാകും അത് പരിഗണിക്കുക. പാർട്ടി ഘടകങ്ങളിൽ ഐ.സി.സി ഒഴിവാക്കാനാവാത്ത ഒരു സംവിധാനമായി മാറ്റണമെന്നും ലിംഗസമത്വത്തിലൂന്നിയ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നുമാണ് കേന്ദ്രക്കമ്മിറ്റിയുടെ നിർദ്ദേശം.




