‘സിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല’; അജണ്ട വേറെ, നിലപാട് വ്യക്തമാക്കി കെ. അണ്ണാമലൈ!

ചെന്നൈ: ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിച്ച നടപടിയെ വിമർശിച്ച് തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പ്രതിഷേധിക്കുന്നവരെ കേന്ദ്ര സർക്കാർ വിദേശ എജന്റ് ആക്കുകയാണെന്നാണ് അദ്ദേഹം വിമർശിച്ചത്. എന്നാൽ ഇപ്പോഴിതാ തന്റെ പരാമർശങ്ങളെ അഭിജീത് ദിപ്‌കെ നയിക്കുന്ന സിജെപിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കരുതെന്ന് അണ്ണാമലൈ വ്യക്തമാക്കി. ‘വി ദി ലീഡേഴ്സ്’ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോക്രോച്ച് ജനതാ പാർട്ടിയെ ഞങ്ങൾ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. അവരുടെ അജണ്ട വേറെയാണ്, ഞങ്ങളുടേതും വേറെയാണ്’- അദ്ദേഹം പറഞ്ഞു. സിജെപിയുടെ പ്രതിഷേധത്തെ പിന്തുണച്ച അണ്ണാമലൈയെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാമലൈ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയത്. തന്നെ ദേശസ്‌നേഹം പഠിപ്പിക്കാൻ ആരും വരേണ്ടെന്ന വിമർശനവും അദ്ദേഹം ബിജെപിക്കെതിരെ ഉയർത്തി.
‘രാജ്യത്തെ പല സംസ്ഥാനങ്ങളിൽ ജീവിച്ചതിന്റെയും ജോലി ചെയ്തതിന്റെയും അനുഭവസമ്പത്ത് എനിക്കുണ്ട്. ഇന്ത്യയുടെ ഐക്യത്തെയും പരമാധികാരത്തെയും കുറിച്ച് എനിക്ക് അറിവുണ്ട്. അതിനാൽ, ദേശസ്‌നേഹത്തെക്കുറിച്ച് ആരും എന്നെ പഠിപ്പക്കേണ്ടതില്ല’- അണ്ണാമലൈ പറഞ്ഞു.സിജെപി പ്രതിഷേധക്കാർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പ്രതികാരബുദ്ധിയോടെയുള്ള സമീപനം സ്വീകരിക്കുന്നതിന് പകരം നിയമപ്രകാരം നടപടികൾ മുന്നോട്ട് കൊണ്ടുപോകണമെന്ന് അണ്ണാമലൈ വ്യക്തമാക്കി.’
നിയമത്തിനും ഉചിതമായ നടപടിക്രമങ്ങൾക്കും അനുസൃതമായി വേണം അറസ്റ്റുകൾ നടത്തേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടെങ്കിൽ, അതിനായി ഐ.ബി, റോ തുടങ്ങിയ സംവിധാനങ്ങളുണ്ടല്ലോ. അവയെ ഉപയോഗിക്കൂ, കുറ്റക്കാരെ ജയിലിലടയ്ക്കൂ. അല്ലാതെ, ട്വിറ്ററിൽ വെറുതെ ഭീതിയുടെ കഥകൾ മെനഞ്ഞുണ്ടാക്കരുത്’- അണ്ണാമലൈ പറഞ്ഞു.




