ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന് സോണിയ ഗാന്ധി; ആത്മകഥയുടെ പ്രകാശന വിവരങ്ങൾ പങ്കുവെച്ച് ആദ്യ പോസ്റ്റ്

ഡൽഹി: ഡിജിറ്റൽ ലോകത്തേക്ക് സർപ്രൈസ് എൻട്രിയുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ ഔദ്യോഗിക അക്കൗണ്ട് തുറന്നാണ് അവർ സജീവമായിരിക്കുന്നത്. തന്റെ വരാനിരിക്കുന്ന ആത്മകഥയെക്കുറിച്ചുള്ള വിഡിയോ പോസ്റ്റോടെയായിരുന്നു സോണിയ ഗാന്ധിയുടെ തുടക്കം.
പ്രണയത്തിന്റെയും കടമയുടെയും നഷ്ടങ്ങളുടെയും സ്വന്തമായി ഒരിടം കണ്ടെത്തുന്നതിന്റെയും കഥയാണ് തന്റെ പുസ്തകമെന്ന് അവർ വിഡിയോയിൽ വ്യക്തമാക്കുന്നു. ഇതുവരെ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും അകലം പാലിച്ചിരുന്ന സോണിയ ഗാന്ധിയുടെ ഡിജിറ്റൽ ലോകത്തേക്കുള്ള ആദ്യ കടന്നുവരവാണിത്. മുൻപ് കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ വഴിയായിരുന്നു അവർ പൊതുപ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നത്.
തന്റെ ആദ്യ പോസ്റ്റിൽ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുതിയ പുസ്തകത്തിന്റെ ആദ്യ കോപ്പികൾ സ്വീകരിക്കുന്നതിന്റെ മനോഹരമായ വീഡിയോ ക്ലിപ്പാണ് അവർ പങ്കുവെച്ചത്. പുസ്തകത്തിന്റെ കോപ്പി കൈപ്പറ്റുന്നതിനൊപ്പം മകൾ പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് മധുരം നൽകുന്നതും വീഡിയോയിൽ കാണാം. പുസ്തകത്തിൽ ധാരാളം അപൂർവ്വ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഏറെക്കാലമായി രാഷ്ട്രീയ ലോകവും വായനക്കാരും കാത്തിരിക്കുന്ന സോണിയ ഗാന്ധിയുടെ ഈ ആത്മകഥ നവംബർ 10-ന് പുറത്തിറങ്ങുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
ഇൻസ്റ്റഗ്രാമിൽ എത്തിയതിന് പിന്നാലെ മക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും ഔദ്യോഗിക അക്കൗണ്ടുകളെ സോണിയ ഗാന്ധി ഫോളോ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും പ്രവർത്തകരും സോണിയയുടെ പുതിയ അക്കൗണ്ട് ഫോളോ ചെയ്യാനും പോസ്റ്റുകൾ പങ്കുവെക്കാനും തുടങ്ങിയതോടെ ഇൻസ്റ്റഗ്രാമിൽ പുതിയ തരംഗം തന്നെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.



