News

‘ഒരിക്കൽ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല’; സി.പി.എമ്മുമായുള്ള അകൽച്ച സൂചിപ്പിച്ച് പി.പി. ദിവ്യയുടെ കുറിപ്പ്!

കണ്ണൂർ: സി.പി.എമ്മുമായുള്ള അകൽച്ച വ്യക്തമാക്കുന്ന ഫേയ്സ്ബുക്ക് കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന പി.പി. ദിവ്യ. ഒരിക്കൽ ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റിൽ പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെയും അകൽച്ചയുടെയും സൂചനകളാണുള്ളത്. തന്റെ രാഷ്ട്രീയ ജീവിതത്തേക്കുറിച്ച് എഴുതാൻ ഉദ്ദേശിക്കുന്ന തുടർ കുറിപ്പുകളുടെ മുന്നോടിയായാണ് ഈ കുറിപ്പ് അവർ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത് എന്നാണ് വിവരം.

ഒരിക്കൽ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാവണമെന്നില്ലെന്നും ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ലെന്നും ദിവ്യ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല മറിച്ച് ജീവിതം പഠിപ്പിച്ച വലിയൊരു പാഠമാണെന്ന് ബുദ്ധന്റെ കഥ ഉദ്ധരിച്ചുകൊണ്ട് അവർ കുറിച്ചു. നീതി വൈകുമെങ്കിലും സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ലെന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ എടുത്തുപറയുന്നുണ്ട്.

കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ അപ്രതീക്ഷിത ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നാണ് പി.പി. ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നത്. തുടർന്ന് പാർട്ടിതല അന്വേഷണത്തിനൊടുവിൽ അവരെ പദവികളിൽ നിന്ന് തരംതാഴ്ത്തുകയും ചെയ്തിരുന്നു. അടുത്തിടെ പൂർത്തിയായ സി.പി.എം. കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും ദിവ്യയ്ക്ക് അർഹമായ പരിഗണനയൊന്നും ലഭിച്ചിരുന്നില്ല. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് പാർട്ടിക്കെതിരെയുള്ള ദിവ്യയുടെ പരസ്യ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button