News

ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നു; ബിജെപിക്കെതിരെ വിമർശനവുമായി കെ. അണ്ണാമലൈ

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരത്തെ പിന്തുണച്ചും ബിജെപിയെ വിമർശിച്ചും കെ. അണ്ണാമലൈ രംഗത്ത്. ഭരണപരമായ വീഴ്ചകളെ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്ന പ്രവണതയാണ് ബിജെപിയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരം ചെയ്ത സി.ജെ.പി നേതാക്കൾക്കെതിരെ ഡൽഹി പോലീസ് സ്വീകരിച്ച കടുത്ത നടപടികളിലാണ് കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. സമരരീതിയോട് വിയോജിപ്പുണ്ടെങ്കിലും പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാതെ, അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. താൻ കഴിഞ്ഞ ജൂൺ അഞ്ചിന് ബിജെപി വിട്ടതാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, പാർട്ടിയുടെ എല്ലാ നിലപാടുകളെയും കണ്ണടച്ച് പിന്തുണയ്ക്കുന്നയാളല്ലെന്നും കൂട്ടിച്ചേർത്തു. ജന്തർ മന്തറിനെ സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയെയും അദ്ദേഹം വിമർശിക്കുകയും കേന്ദ്രസർക്കാരിനെതിരെ അഞ്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

അണ്ണാമലൈയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. പാർട്ടി വിട്ടതിനുശേഷം അണ്ണാമലൈ മുൻ നിലപാടുകളിൽ നിന്ന് മലക്കം മറിയുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് നാരായൺ തിരുപ്പതി കുറ്റപ്പെടുത്തി. മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അണ്ണാമലൈക്ക് ക്രമസമാധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത നന്നായി അറിയാമെന്നും, പോലീസ് നടപടിയെ അദ്ദേഹം ചോദ്യം ചെയ്യുന്നത് സ്വന്തം മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്നും വക്താവ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button