മാസപ്പടി കേസിൽ പിണറായിക്ക് താൽക്കാലിക ആശ്വാസം! വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീം കോടതി

ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം. കേസിലെ അന്വേഷണം സുപ്രീം കോടതി തടഞ്ഞു. പിണറായി വിജയനെതിരെ അന്വേഷണം നടത്തുവാൻ അഴിമതി നിരോധന നിയമപ്രകാരമുള്ള മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, കൃത്യമായ പ്രാഥമിക അന്വേഷണം നടത്താതെ ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ രൂക്ഷമായി വിമർശിച്ചു. എങ്കിലും, നിലവിൽ എഫ്ഐആർ പൂർണ്ണമായി സ്റ്റേ ചെയ്യുന്നില്ലെന്നും കേസ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കാൻ ഉദ്ദേശിക്കുന്നുവെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണത്തിന് തയ്യാറായ ഘട്ടത്തിലാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ അപ്പീൽ തള്ളിയതിനെത്തുടർന്നാണ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസും ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. പിണറായി വിജയന് അനുകൂലമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തത് കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനിടയിലാണ് അന്വേഷണത്തിൽ സുപ്രീം കോടതിയും നിർണായക നിരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്.
അതേസമയം, വെള്ളിയാഴ്ച (ഒക്ടോബർ 23) ചോദ്യം ചെയ്യലിനായി ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിണറായി വിജയന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇഡി രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന സിപിഐഎമ്മിന്റെ വാദത്തിന് സുപ്രീം കോടതിയുടെ പുതിയ ഇടപെടൽ കൂടുതൽ ബലം നൽകുന്നുണ്ട്.




