News

എസ്ബിഐയിൽ ഡാറ്റാ ചോർച്ച; 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി കണ്ടെത്തി. 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ എത്തിയതായാണ് ബാങ്കിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ബാങ്ക് അറിയിച്ചു.

ഉപഭോക്താക്കളുടെ പേരുകൾ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതി, ഇമെയിൽ വിലാസം, താമസവിലാസം, ലിംഗം തുടങ്ങിയ വിവരങ്ങളാണ് ചോർന്നതെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഉപഭോക്തൃ തിരിച്ചറിയൽ നമ്പറുകൾ, വായ്പാ അപേക്ഷകളുമായും മറ്റ് രേഖകളുമായും ബന്ധപ്പെട്ട വിവരങ്ങളും പുറത്തായതായി കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബർ 16ന് വിവരങ്ങൾ ചോർന്നിരിക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. ത്രെറ്റ് ഇന്റലിജൻസ് സേവനദാതാവ്, ഡിഫൻസ് സൈബർ ഏജൻസി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) എന്നിവരിൽ നിന്നാണ് മുന്നറിയിപ്പ് ലഭിച്ചത്.

ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3.75 ലക്ഷം രേഖകൾ പ്രാഥമികമായി പരിശോധിച്ചപ്പോഴാണ് 3,897 ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ തിരിച്ചറിഞ്ഞത്. എന്നാൽ വിവരങ്ങളുടെ ആധികാരികതയും ചോർച്ചയുടെ യഥാർഥ വ്യാപ്തിയും ഉറപ്പാക്കാൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന് ബാങ്ക് അറിയിച്ചു.

വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയെങ്കിലും ബാങ്കിന്റെ പ്രവർത്തനങ്ങളെയോ സാമ്പത്തിക ഇടപാടുകളെയോ ഇത് ബാധിച്ചിട്ടില്ലെന്നാണ് എസ്ബിഐയുടെ വിശദീകരണം. ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും സൈബർ സുരക്ഷാ നടപടികൾ ശക്തമാക്കിയെന്നും അധികൃതർ വ്യക്തമാക്കി.

വിവരങ്ങൾ ചോർന്നതിന്റെ ഉറവിടം കണ്ടെത്താനും പുറത്തായ രേഖകളുടെ വ്യാപ്തി വിലയിരുത്താനും സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. ചോർച്ച ഉപഭോക്താക്കൾക്ക് സൃഷ്ടിച്ചേക്കാവുന്ന അപകടസാധ്യതകളും പരിശോധിക്കും. വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്ത് വ്യാജ ഫോൺവിളികളിലൂടെയോ സന്ദേശങ്ങളിലൂടെയോ തട്ടിപ്പുകൾ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button