മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണ നൽകാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ദേശീയതലത്തിൽ പ്രതിരോധ പ്രചാരണം നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം. എസ്ഐആർ നടപടി അനിവാര്യമായിരുന്നു എന്ന് രാജ്യത്തുടനീളം ജനങ്ങളോട് വിശദീകരിക്കാൻ പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകും. ദസറ ആഘോഷങ്ങൾക്ക് ശേഷം പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ബി.ജെ.പി വ്യാപകമായ ക്യാമ്പയിൻ ആരംഭിക്കും. പാർലമെന്റ് സമ്മേളനത്തിൽ വിഷയം സംബന്ധിച്ച് വിശദമായ ചർച്ച ഉറപ്പാക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നടക്കില്ലെന്ന് തോന്നിയിരുന്ന എസ്ഐആർ ഏതാണ്ട് പൂർത്തിയാക്കാൻ സാധിച്ചത് ഗ്യാനേഷ് കുമാറിന്റെ പ്രവർത്തന മികവ് കൊണ്ടാണെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങളുടെ വിലയിരുത്തൽ. കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്നാണ് രേഖകളിൽ വ്യക്തമാകുന്നതെന്നും അധികൃതർ അവകാശപ്പെടുന്നു.
പാറ്റകളെ കൂടെ നിര്ത്താൻ കോൺഗ്രസ്
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംഘടിപ്പിച്ച ചായസൽക്കാരത്തിലേക്ക് കോക്ക്റോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്കെയെ കോൺഗ്രസ് ക്ഷണിച്ചതായി റിപ്പോർട്ട്. ഇന്ത്യ മുന്നണി നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വിദ്യാർത്ഥി നേതാക്കൾ എന്നിവർക്കായാണ് രാഹുൽ ഗാന്ധി ഈ ചായസൽക്കാരം ഒരുക്കിയത്. സി.ജെ.പിയോടുള്ള നിലപാടിൽ കോൺഗ്രസ് മാറ്റം വരുത്തുന്നതിന്റെ സൂചനയായാണ് ഈ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.
മുൻപ് ആം ആദ്മി പാർട്ടിയുടെ നിഴൽ സംഘടനയാണെന്ന സംശയത്താൽ കോൺഗ്രസ് നേതൃത്വം സി.ജെ.പിയെ അകറ്റി നിർത്തിയിരുന്നു. എന്നാൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങളെല്ലാം ഭരണഘടന സംരക്ഷിക്കാനുള്ള ഒറ്റ പോരാട്ടത്തിന്റെ ഭാഗമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതോടെയാണ് ഈ നിലപാടിൽ മാറ്റമുണ്ടായത്. അഭിജിത് ദീപ്കെയെയും സി.ജെ.പിയെയും ക്ഷണിക്കുന്നതിനായി പ്രശാന്ത് ഭൂഷന്റെ സഹായത്തോടെയാണ് കോൺഗ്രസ് ബന്ധപ്പെടാൻ ശ്രമിച്ചത്.
എങ്കിലും, ദീപ്കെ മഹാരാഷ്ട്രയിലായിരുന്നതിനാലും, ആശുതോഷ് റാങ്ക, സൗരവ് ദാസ് ഉൾപ്പെടെയുള്ള മറ്റ് സി.ജെ.പി നേതാക്കൾ ജന്തർ മന്തറിലെ പ്രതിഷേധത്തെ തുടർന്ന് ഡൽഹി പോലീസിന്റെ കസ്റ്റഡിയിലായിരുന്നതിനാലും അവർക്ക് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. സി.ജെ.പി നേതാക്കളുടെ അറസ്റ്റിനെ രാഹുൽ ഗാന്ധി ‘എക്സ്’ (X) പ്ലാറ്റ്ഫോമിലൂടെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ദേശീയപതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റമല്ലെന്നും ഇതിന്റെ പേരിൽ യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം അതിൽ കുറിച്ചു.



