യുഡിഎഫിനെതിരെ ശിവൻകുട്ടിയുടെ വിമർശനം; ‘കേട്ടാൽ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാൻ’ എന്ന് ബിനോയ് വിശ്വം

പാലക്കാട്: യുഡിഎഫിന്റെ പോക്ക് ശരിയല്ലെന്ന് വി. ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎമ്മിനെതിരെ കടുത്ത വിമർശനമുന്നയിച്ച അദ്ദേഹം, ശിവൻകുട്ടിക്കെതിരെ പിഎം ശ്രീ വിഷയത്തിലാണ് നിലപാടെടുത്തത്. സിപിഐ പാലക്കാട് ജില്ലാ പ്രവർത്തക യോഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ അതിരൂക്ഷ വിമർശനം.
സിപിഎമ്മിന്റെ നിലപാടുകളെ രൂക്ഷമായി കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രസംഗം. സിപിഐ ഇല്ലായിരുന്നുവെങ്കിൽ പി എം ശ്രീ വിഷയത്തിൽ എൽഡിഎഫിന്റെ നയം സിപിഎം അടിയറവ് പറയുമായിരുന്നുവെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ആർഎസ്എസിന്റെ അജണ്ടയാണ് പി എം ശ്രീ എന്ന ഉറച്ച നിലപാടിൽ സിപിഐ നിലകൊണ്ടതുകൊണ്ടാണ് ഇന്ന് എൽഡിഎഫിന് തലയുയർത്തി നിൽക്കാൻ സാധിക്കുന്നത്.
ഒടുവിൽ സിപിഐയുടെ ഈ നിലപാടാണ് ശരിയെന്ന് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിന് തന്നെ സമ്മതിക്കേണ്ടി വന്നു. സിപിഎമ്മിനെക്കൂടി ശരിയായ പാതയിലേക്ക് നയിച്ച് രക്ഷിച്ചെടുത്തത് സിപിഐ ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോൾ പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിന്റെ പോക്ക് ശരിയല്ലെന്ന് ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാനാണെന്നും അദ്ദേഹം തുടർന്ന് ചോദിച്ചു.
പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി വേണ്ട എന്ന നിലപാടിൽ സിപിഐ ഉറച്ചുനിൽക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ബ്രൂവറിയുടെ നേട്ടങ്ങൾ നിരത്തിയപ്പോൾ അതിനെ തള്ളിപ്പറഞ്ഞത് താനായിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.




