News

‘വി.ഡി. സതീശൻ ബി.ജെ.പിയുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി’; യു.ഡി.എഫിൽ ഐക്യമില്ലെന്ന് പി. രാജീവ്

പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിമാരിലൊരാളാണ് വി.ഡി. സതീശനെന്ന് പി. രാജീവിന്റെ പരിഹാസം. അമിത് ഷാ കേരളത്തിൽ വരുമ്പോൾ സതീശൻ പൂമാല തയ്യാറാക്കി വെച്ചിരുന്നെന്നും, അദ്ദേഹം അറിയാതെയാണ് ആരോ കരിങ്കോടി കാണിച്ചതെന്നും പി. രാജീവ് കുറ്റപ്പെടുത്തി. രാജ്യത്ത് വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും, നീറ്റ് സമരത്തിൽ സമരക്കാർക്കെതിരെ കേസെടുത്ത ഏക ബി.ജെ.പി ഇതര സർക്കാർ കേരള സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബി.ജെ.പിയുടെ മുന്നിൽ ‘നല്ല കുട്ടിയായി’ട്ടാണ് വി.ഡി. സതീശൻ പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫിലെ ഐക്യം പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുകയാണെന്നും, ഇപ്പോൾ ‘ടീം യു.ഡി.എഫ്’ എന്നൊരു കൂട്ടായ്മ തന്നെ നിലവിലില്ലെന്നും വി.എൻ. വാസവനും വിമർശനം ഉന്നയിച്ചു. യു.ഡി.എഫ് കൺവീനറുടെ പരസ്യ പ്രതികരണങ്ങൾ തന്നെ മുന്നണിയിലെ ഈ ഐക്യമില്ലായ്മയ്ക്ക് തെളിവാണെന്നും, മുഖ്യമന്ത്രിക്ക് സ്വന്തം പാർട്ടിയിൽ പോലും പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ താൽപ്പര്യപ്രകാരമാണ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലേക്ക് അതിക്രമം നടത്തി പൊലീസ് ക്രൂരത കാട്ടിയതെന്നും, ഇതിന് പിന്നിൽ നേതൃത്വത്തിന്റെ അറിവുണ്ടെന്നും പി. രാജീവ് കുറ്റപ്പെടുത്തി.

അതിനിടയിൽ കേരള പൊലീസ് കാണിക്കുന്നത് ശുദ്ധമായ തെമ്മാടിത്തരമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രൂക്ഷമായി പ്രതികരിച്ചു. രണ്ട് കയ്യും ഒടിഞ്ഞ വിദ്യാർത്ഥിയെ ക്യാമ്പസിൽ കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാർഹമാണ്. എസ്.എഫ്.ഐ ഓഫീസിന് പൊലീസ് സംരക്ഷണം നൽകുന്നത് തങ്ങൾക്ക് ആവശ്യമില്ലെന്നും, ഇപ്പോൾ നടക്കുന്നത് കടുത്ത ക്രിമിനൽ പൊലീസിങ്ങാണെന്നും അദ്ദേഹം ആരോപിച്ചു. പരിക്കേറ്റ വിദ്യാർത്ഥിക്ക് അടിയന്തര ചികിത്സ നൽകണമെന്നും, പൊലീസിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സഞ്ജീവ് മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button