News

കോടിയേരിയുടെ ഓർമ്മക്കുറിപ്പിൽ സിപിഎം നേതൃത്വത്തെ വിമർശിച്ച് ബിനീഷ് കോടിയേരി; ‘കേസ് വന്നപ്പോൾ പാർട്ടിയെ കവചമാക്കിയില്ല, സ്വയം നേരിടണമെന്ന് ശഠിച്ചയാൾ’

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ്റെ ഓർമ്മക്കുറിപ്പിൽ സിപിഎം നേതൃത്വത്തെ കുത്തി ബിനീഷ് കോടിയേരി. മക്കൾക്കെതിരെ കേസ് വന്നപ്പോൾ കോടിയേരി പാർട്ടിയെ കവചമാക്കിയില്ലെന്നും കേസ് എന്തായാലും സ്വയം നേരിടണമെന്ന് ശഠിച്ചയാളാണ് അദ്ദേഹമെന്നും ബിനീഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ട ഓർമ്മക്കുറിപ്പിൽ പറഞ്ഞു.

നേർക്കുനേർ വരുമ്പോൾ സന്ധി ചെയ്യുന്നതായിരുന്നതല്ല കോടിയേരിയുടെ രാഷ്ട്രീയം. കാലഘട്ടത്തിന്റെ പൾസ് അറിഞ്ഞ രാഷ്ട്രീയക്കാരനാണ് അദ്ദേഹം. സിപിഎം നേതൃനിരയിലെ നികത്താനാകാത്ത വിടവ് ആണ് കോടിയേരിയുടേതെന്നും ആര് വിസ്മൃതിയിലാക്കാൻ ശ്രമിച്ചാലും വിലപ്പോകില്ലെന്നും കുറിപ്പിൽ പറയുന്നു.

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം തികയുകയാണ്. കണ്ണൂരിലെ കോടിയേരി അനുസ്മരണ പരിപാടികളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കാത്തതിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു. പയ്യാമ്പലത്തെ പുഷ്പാർച്ചനയിലും ഇരുവരും എത്തില്ല. കഴിഞ്ഞ മൂന്ന് വർഷവും ഇരുവരും കോടിയേരിയുടെ വീട്ടിൽ എത്തിയിരുന്നു. പാർട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിനാലാണ് ഇരുവരും കണ്ണൂരിൽ എത്താത്തതെന്നാണ് വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button