News

ഡിസിസി ഓഫീസ് ആക്രമണം: ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് കെപിസിസി; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

തിരുവനന്തപുരം: തിരുവനന്തപുരം ഡി സി സി ഓഫീസിന് നേരെ നടന്ന ആക്രമണം ഏറെ പ്രതിഷേധാർഹമാണെന്നും സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ബി ജെ പി നേതൃത്വത്തിന്റെ പൂർണ്ണ ഒത്താശയോടും അറിവോടും പ്രേരണയോടും കൂടിയാണ് പാർട്ടി ഓഫീസിന് നേരെ ആക്രമണം നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഗുണ്ടായിസത്തിലും അക്രമ രാഷ്ട്രീയത്തിലുമാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ബി.ജെ.പിയുടെ ഇത്തരം അക്രമ രീതികളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ്, സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകി. അക്രമ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്ക് മുന്നിൽ ഒരിക്കലും വഴങ്ങിക്കൊടുക്കില്ലെന്നും വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അതിക്രമം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, ദേശീയതലത്തിൽ നേരിടുന്ന തിരിച്ചടികളിൽ നിന്നും മറ്റ് വിഷയങ്ങളിൽ നിന്നും പൊതുജന ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് ബി ജെ പി ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് – ബി ജെ പി ഏറ്റുമുട്ടലിനിടെ തിരുവനന്തപുരത്ത് ഡി സി സി ഓഫീസടക്കം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണവും കല്ലേറും. നെയ്യാറ്റിന്‍കര ആനാവൂരിൽ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചുള്ള യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം രാപകൽ വ്യത്യാസമില്ലാതെ തുടരുകയാണ്.

ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കരിങ്കൊടി കാണിച്ചത് പുലര്‍ച്ചെയാണ്. നെയ്യാറ്റിൻകരയിൽ ഇന്നലെ മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാണിച്ചതിന് ബി ജെ പി സൗത്ത് ജില്ലാ പ്രസിഡന്‍റിന്‍റെ കാര്‍ കോണ്‍ഗ്രസുകാര്‍ തടഞ്ഞിരുന്നു.

കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ആനാവൂരിൽ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്. തിരുവനന്തപുരം ഡി സി സി ഓഫീസിന്‍റെ ചില്ലുകള്‍ അജ്ഞാതര്‍ രാത്രി എറിഞ്ഞു തകര്‍ത്തു. ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. സി സി ടി വി ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ല. കെ പി സി സി പ്രസിഡന്‍റ് ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥലത്ത് എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button