‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കും’; കുറ്റിച്ചിറയിലെ യു.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞതിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം വൻതോതിൽ കുറഞ്ഞതിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. “വിജയത്തെപ്പോലെ മധുരമുണ്ട് ഈ തോൽവിക്കും” എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
“2,273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ച അതേ കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 436 വോട്ടിലേക്ക് ചുരുങ്ങി. ജനവിരുദ്ധ യു.ഡി.എഫ് സർക്കാരിന്റെ നിലപാടുകളും എൽ.ഡി.എഫിന്റെ ശക്തമായ രാഷ്ട്രീയ നിലപാടുകളും കാരണം യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടർമാർ ഉൾപ്പെടെയുള്ളവർ ഇത്തവണ എൽ.ഡി.എഫിന് വോട്ട് ചെയ്തു. യു.ഡി.എഫിന്റെ ശക്തികേന്ദ്രത്തിൽ ഈ മുന്നേറ്റം സാധ്യമാക്കിയ സഖാക്കൾക്കും വോട്ടർമാർക്കും അഭിവാദ്യങ്ങൾ. വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിക്കും ലീഗ് കേന്ദ്രത്തിൽ പൊരുതിത്തോറ്റ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കും അഭിനന്ദനങ്ങൾ,” മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫാത്തിമ തഹ്ലിയ രാജിവെച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുൻപ് 2,000-ലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്ത്, യു.ഡി.എഫ് സ്ഥാനാർത്ഥി ഫർസീന അറയ്ക്കൽ 436 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഫർസീന 2,711 വോട്ടുകൾ നേടിയപ്പോൾ, എൽ.ഡി.എഫിന്റെ ജംഷീന ടി.ടി. 2,275 വോട്ടുകൾ നേടി ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്.



