News

കെ.സി. വേണു​ഗോപാലിനെതിരെ സൈബർ ആക്രമണം, പ്രതികളായ അഞ്ച് പേരും കോൺ​ഗ്രസ് അനുഭാവികൾ

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്ത അഞ്ചു പേരും കോൺഗ്രസ് അനുഭാവികൾ. പ്രതികളായ രണ്ടു പേരുടെ പ്രൊഫൈൽ ഫോട്ടോ മുഖ്യമന്ത്രിക്കൊപ്പമുള്ളതായിരുന്നു.

സിജു സാമുവൽ, ഹംസ കെ.പി, ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നീ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുണ്ടായ മുഖ്യമന്ത്രി തർക്ക സമയത്താണ് കെ.സി. വേണു​ഗോപാലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നത്.

വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരെയാണ് ഇതുവരെ കേസെടുത്തത്. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് ഒടുവിൽ പോലീസ് നടപടി. ഡിജിപിക്ക് നേരിട്ട് പരാതി നൽകി രണ്ടുമാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ജോൺസൺ എബ്രഹാം ആഭ്യന്തരമന്ത്രിക്ക് വീണ്ടും നിവേദനം നൽകിയത്. തുടർന്ന് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണത്തിനായി സൈബർ വിഭാഗം ഐജിയെ ചുമതലപ്പെടുത്തുകയായിരുന്നു.

സൈബർ ആക്രമണം നടത്തിയ അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഡിജിപിക്ക് നൽകിയ പരാതിക്കൊപ്പം കൈമാറിയിരുന്നു. കേസെടുത്തതിനെത്തുടർന്ന് പരാതിക്കാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button