റോഡ് പരിശോധനക്കെത്തിയപ്പോൾ വീഡിയോ എടുത്തു, യുവാവിന്റെ മുഖത്തടിച്ച് മന്ത്രി

ന്യൂഡൽഹി: റോഡ് പരിശോധനയ്‌ക്കെത്തിയപ്പോൾ വീഡിയോ എടുത്തതിന് മന്ത്രി യുവാവിന്റഎ മുഖത്തടിച്ചു. തിലക് നഗറിൽ റോഡ് പരിശോധനയ്ക്ക് എത്തിയ ഡൽഹി പൊതുമരാമത്ത് മന്ത്രി പർവേഷ് ശർമ്മയാണ് മൊബൈൽ ഫോണിൽ വീഡിയോ എടുക്കാൻ ശ്രമിച്ച യുവാവിന്റെ മൊബൈൽ ഫോൺ തട്ടിമാറ്റുകയും മുഖത്തടിക്കുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആം ആദ്മി പാർട്ടി നേതാവും തിലക് നഗർ എം.എൽ.എയുമായ ജർനൈൽ സിംഗിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് സാഹിബ് സിംഗിനെയാണ് മന്ത്രി അടിച്ചത്.
മന്ത്രിയുമായി റോഡ് നിർമ്മാണത്തെ ചൊല്ലി ജർനൈൽ സിംഗ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി റോഡിന്റെ ടാർ കൈകൾ കൊണ്ട് ഇളക്കിമാറ്റുകയും ചെയ്തു. ഇത്തരത്തിൽ റോഡ് ഉണ്ടാക്കരുതെന്നും അത് 15 മണിക്കൂർ പോലും നിലനിൽക്കില്ലെന്നും എം.എൽ.എ മന്ത്രിയോട് പറഞ്ഞു. പിന്നാലെ അടർത്തിയെടുത്ത ടാർ കഷണവുമായി എം.എൽ.എ മന്ത്രിയുടെ അടുത്തേക്ക് പോയി.
ഇതിനിടെയാണ് വീഡിയോ പകർത്തുകയായിരുന്ന സാഹിബ് സിംഗിനെ മന്ത്രി തല്ലിയത്. സംഭവത്തിൽ മന്ത്രിക്ക് എതിരെ പരാതി നൽകിയിട്ടുണ്ടെന്ന് സാഹിബ് സിംഗ് പറഞ്ഞു. പൊലീസ് എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും മറ്റു നടപടികളെന്നും സാഹിബ് സിംഗ് പറഞ്ഞു. അതേസമയം തന്നെയും കുടുംബത്തെയും യുവാവ് അധിക്ഷേപിച്ചെന്നും മോശമായി പെരുമാറിയെന്നും ആ സമയത്തെ മാനസികാവസ്ഥയിൽ ആരും പ്രതികരിക്കുന്നത് പോലെ താനും പ്രതികരിച്ചുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം.




