കാര്യവട്ടത്ത് ഇന്ന് ആവേശപ്പോര്; ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനുള്ള ഗതാഗത ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാവിലെ 8 മണി മുതല്‍ സ്റ്റേഡിയം പരിസരത്ത് കര്‍ശന പരിശോധനകള്‍ ആരംഭിക്കും. ഈ സമയത്തിന് ശേഷം ടിക്കറ്റുള്ള കാണികളെ മാത്രമേ കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ.
മത്സരം കാണാനെത്തുന്ന കാണികളുടെ സൗകര്യാർത്ഥം വിവിധ ഇടങ്ങളിൽ പാർക്കിങ് ഒരുക്കിയിട്ടുണ്ട്. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്, കാര്യവട്ടം ഗവണ്‍മെന്റ് കോളേജ്, ബി.എഡ് സെന്റര്‍, എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ട്, അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്റര്‍, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ കാണികൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാം. വി.ഐ.പികള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഹൈവേ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് പിന്നിലുള്ള സ്റ്റേഡിയം പാര്‍ക്കിങ് ഗ്രൗണ്ടിലും, വി.വി.ഐ.പികള്‍ക്ക് ക്ലബ് ഹൗസിന് സമീപവുമാണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
രാവിലെ 10 മണി മുതല്‍ പാർക്കിങ് ഗ്രൗണ്ടുകൾ പ്രവര്‍ത്തിച്ചുതുടങ്ങി. പാർക്കിങ് ഏരിയകളിൽ നിന്ന് സ്റ്റേഡിയത്തിലേക്കും തിരിച്ചും കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കാറുകളില്‍ പരമാവധി ആളുകളെ ഉള്‍പ്പെടുത്തി യാത്ര ചെയ്യാൻ ശ്രദ്ധിക്കണമെന്ന് നിർദ്ദേശമുണ്ട്. കൂടാതെ നഗരത്തിൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെട്ടുറോഡ് വഴി തീരദേശ റോഡ് ഉപയോഗിച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.



