കെ.എസ്.ആർ.ടി.സിയിൽ വൻ മാറ്റങ്ങൾക്ക് നീക്കം; സർവീസ് ബസുകളുടെ എണ്ണം 10,000 ആക്കും, ലാഭത്തിലേക്ക് എത്തിക്കാൻ ഗതാഗത വകുപ്പിന്റെ പരിഷ്കാരങ്ങൾ!

തിരുവനന്തപുരം: പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെ.എസ്.ആർ.ടി.സി.യെ മികച്ച വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. നിലവിൽ സർവീസ് നടത്തുന്ന 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വലിയ സംവിധാനമായി സ്ഥാപനത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ബസുകൾ വാങ്ങി കെ.എസ്.ആർ.ടി.സി.ക്ക് നൽകാൻ സാധിക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ വിട്ടുനൽകുന്ന സ്വകാര്യ ബസുകൾക്ക് കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുക നൽകിയാണ് സർവീസ് നടത്തുക.
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിൽ വാട്സാപ്പ് നമ്പർ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. ഊബർ ആപ്പ് ഉപയോഗിച്ച് ബസ് ടിക്കറ്റ് ബുക്കിങ് നടത്തുന്നതിനുള്ള സൗകര്യം ഉടൻ തന്നെ ഒരുങ്ങും. ഇതിനുപുറമെ, തുറമുഖ അധിഷ്ഠിത ചരക്കുനീക്ക സർവീസിലേക്ക് കെ.എസ്.ആർ.ടി.സി. കടക്കുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.




