ജി സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കൈക്ക് പരിക്ക്

പന്തളം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട പന്തളത്തിനടുത്തുള്ള കുരമ്പാലയിൽ വെച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിൽ ടെമ്പോ വാനിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സുകുമാരൻ നായരുടെ കൈക്ക് നിസ്സാര പരിക്കേറ്റു.
പന്തളം പെരുമ്പുളിക്കലിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. കൂട്ടിയിടിയിൽ കാറിന്റെ ഒരു വശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ ഒപ്പമുണ്ടായിരുന്നവരും പ്രദേശവാസികളും ചേർന്ന് അദ്ദേഹത്തെ പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം യാത്ര തുടർന്നു. കാറിലുണ്ടായിരുന്ന ഡ്രൈവർക്കും മറ്റു യാത്രക്കാർക്കും ടെമ്പോയിലുണ്ടായിരുന്നവർക്കും പരിക്കുകളില്ല. സംഭവത്തിൽ പന്തളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു




