തിരുവനന്തപുരം മൃഗശാല മാറ്റം; മുഖ്യമന്ത്രിയുടെ നിർദേശത്തെ എതിർത്ത് സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശത്തെ എതിർത്ത് സിപിഎം. നീക്കം വാണിജ്യ ലക്ഷ്യം മുന്നിൽ കണ്ടെന്ന് വി കെ പ്രശാന്ത് എംഎൽഎ വിമർശിച്ചു. മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമാണോ എന്നാ സംശയിക്കേണ്ടിയിരിക്കുന്നു എന്നും വിമർശനം. പദ്ധതിയുമായി മുന്നോട്ട് പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും പ്രഖ്യാപനം.
ഒരു വർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ തിരുവനന്തപുരം മൃഗശാലയിലെത്തുന്നു. എട്ട് കോടി രൂപയുടെ വരുമാനം ഉണ്ടാകുന്നുണ്ട്. മൃഗശാലയും മ്യൂസിയവും പറിച്ചു നടാനുള്ള ശ്രമം മുൻപും നടന്നിട്ടുണ്ട്. ഇപ്പോൾ ശ്രമം നടക്കുന്നത് വാണിജ്യ ലക്ഷ്യത്തോടെയാണ്. മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു. ആരുമായും ആലോചിക്കാതെയാണ് തീരുമാനം.
നിർഭാഗ്യവശാൽ തിരുവനന്തപുരം മേയറും ഇതിനെ അനുകൂലിക്കുന്നുണ്ടെന്ന് വി കെ പ്രശാന്ത് പറയുന്നു. മൃഗങ്ങളിൽ നിന്ന് രോഗം പകരും എന്നാണ് അദ്ദേഹം പറയുന്നത്. കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. നഗരത്തെ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. അതിനെ ചെറുക്കുമെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേർത്തു. സ്വയം അഭിപ്രായം പറയാതെ മുഖ്യമന്ത്രി മ്യൂസിയവും മൃഗശാലയും സന്ദർശിക്കണമെന്നും ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും എംഎൽഎ പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടു പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. നഗരത്തിലെ മൃഗശാല മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ്. നെയ്യാർ പോലെ വനമേഖലയോട് ചേർന്ന് സ്ഥലത്തേക്ക് മാറ്റുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നുമാണ് മുഖ്യമന്ത്രി റീ ഇമേജനിങ് കേരളം പരിപാടിയില്‍ പറഞ്ഞത്.
മൃഗശാല മാറ്റിയാല്‍ പകരം സ്ഥലം മാഡിസണ്‍ സ്ക്വയർ പോലെ പ്രധാനകേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശയത്തെ അനൂകലിച്ചും എതിർത്തും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. തിരുവനന്തപുരം മേയർ വി വി രാജേഷ് ആശയത്തെ സ്വാഗതം ചെയ്യുകയായിരുന്നു. പുതിയ കാലത്ത് നഗരവികസനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിയുള്ള നടപടികളാണ് വേണ്ടതെന്ന് മേയർ പറഞ്ഞു. 36 ഏക്കറോളം വരുന്ന സ്ഥലത്താണ് തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത്. സ്ഥല പരിമതിയും മറ്റും ചൂണ്ടികാട്ടി മുൻപ് തന്നെ നഗരത്തില്‍ നിന്ന് മൃഗശാല മാറ്റണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടി ഉണ്ടായിരുന്നില്ല.




